കനോലി കനാല്‍ മലിനമാക്കുന്നവര്‍ക്കെതിരേ മുഖംനോക്കാതെ നടപടി: ജില്ലാ കലക്ടര്‍


കോഴിക്കോട് : കനോലി കനാല്‍ ഏതെങ്കിലും വിധത്തില്‍ മലിനമാക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത പ്രത്യേക യോഗത്തിലാണ് കോര്‍പറേഷന്‍ അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

ഇതിന്റെ മുന്നോടിയായി കോര്‍പറേഷന്റെ നേതൃത്വത്തില്‍ കനോലി കനാലിന്റെ ഇരു കരകളിലുമുള്ള വീടുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ മാപ്പിംഗ് അടിയന്തരമായി നടത്തും. ഇതില്‍ ഏതെങ്കിലും രീതിയില്‍ കനാല്‍ മലിനീകരണത്തിന് കാരണക്കാരാവുന്നവരെ കണ്ടെത്തിയാല്‍ അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കനാലിന് ഇരുവശങ്ങളിലുമുള്ള വീടുകളും കടകളും മറ്റ് സ്ഥാപനങ്ങളും സ്വന്തമായി മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങള്‍ ഒരുക്കണം. കനാല്‍ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തും. കനാലിലെ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

യോഗത്തില്‍ ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം ഗൗതമന്‍, തദ്ദേശസ്ഥാപന വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ പൂജ ലാല്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ മുനവ്വര്‍ റഹ്മാന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ പ്രമോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments
error: Content is protected !!