മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ മെഡിസെപ് പരിരക്ഷയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി

തിരുവനന്തപുരം: മദ്യവും സിഗരറ്റും ഉപയോഗിക്കുന്നവരെ മെഡിസെപ് പരിരക്ഷയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഹരി ഉപയോഗം നിര്‍ത്തിയവരാണെങ്കിലും മെഡിസെപ്പ് ആനുകൂല്യം ലഭിക്കില്ല. തീരുമാനത്തില്‍ മെഡിസെപ്പിന്റെ കരാര്‍ കമ്പനിയായ ഓറിയന്റല്‍ ഇന്‍ഷൂറന്‍സിനോട് സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ലഹരി ഉപയോഗം മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഉണ്ടാവില്ലെന്ന വ്യവസ്ഥ ആദ്യം മുതല്‍ ഉണ്ടായിരുന്നു.
തുടര്‍ച്ചയായി ലഹരി ഉപയോഗിക്കുന്നവരെന്ന് ഡോക്ടര്‍ കേസ് ഷീറ്റില്‍ എഴുതുന്നവര്‍ക്ക് പരിരക്ഷ ഒരുഘട്ടത്തില്‍ നിഷേധിച്ചിരുന്നു. വല്ലപ്പോഴും ലഹരി ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തുന്നത്. ഇതിലേക്ക് കമ്പനിയെ പ്രേരിപ്പിച്ചത് കൂടുതല്‍ തുക ചെലവായതിനാലാണ്. കരാര്‍ എടുത്തതിനേക്കാള്‍ കൂടുതല്‍ പണം ഇന്‍ഷൂറന്‍സ് കമ്പനിക്ക് മുടക്കേണ്ടിവന്നു.