കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം. ആറുമാസം മുമ്പ് മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗത്തിൽ നടത്തിയ ശസ്ത്രക്രിയയിലാണ് പിഴവ്. മോതിര വിരലിലെ തടിപ്പും വേദനയുമായെത്തിയ കുട്ടിക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് സർജറി വേണമെന്ന് നിർദേശിച്ചു. മേയ് 22 ന് നടത്തുകയും ചെയ്തു. ശസ്ത്രക്രിയ ചെയ്ത അന്ന് തന്നെ വല്ലാതെ വേദനിക്കുന്നെന്ന് കുട്ടി പറഞ്ഞിരുന്നു.
വേദനയും നീരുമായി പല തവണ മെഡിക്കൽ കോളേജിൽ പോയെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. കളിക്കാനോ, ചിത്രം വരയ്ക്കാനോ, പഠിക്കാനോ പോയിട്ട് ചോറ് വാരിയുണ്ണാന്‍ പോലും കുട്ടിക്ക് കഴിയുന്നില്ല. അവസാനം രണ്ട് മാസം മുമ്പ് നടത്തിയ പരിശോധനയിലാണ് വിരലുകളിലേക്കുള്ള ഞരമ്പുകൾക്ക് ക്ഷതമുണ്ടായി രക്തയോട്ടം നിലച്ചതായി മനസിലായത്. ചികിത്സാപ്പിഴവുണ്ടായെന്ന് കാണിച്ച് കളക്ടർക്കും ഡിഎംഒയ്ക്കും പരാതി നൽകിയിട്ടുണ്ട്.