KERALA

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ പുതിയ പാഠപുസ്തകങ്ങൾക്ക് അംഗീകാരം. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലായി തയ്യാറാക്കിയ 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് അംഗീകാരം നൽകിയത്. തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സ്‌കൂൾ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

16 വർഷത്തിനുശേഷമാണ് കേരളത്തിലെ പാഠ്യപദ്ധതിയും അതിന്റെ തുടർച്ചയായി പാഠപുസ്തകങ്ങളും സമഗ്രമായ മാറ്റത്തിന് വിധേയമാകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2007 ലാണ് ഇതിനുമുമ്പ് പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ച് സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌ക്കരണം നടത്തിയത്. 2013 ൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരുന്നു.

നിരവധി പ്രത്യേകതകളാണ് ഇത്തവണത്തെ പാഠ്യപദ്ധതി പരിഷ്‌കരണത്തിലുള്ളതെന്ന് മന്ത്രി പറഞ്ഞു. എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേർത്തിട്ടുണ്ട്. കായികരംഗം, മാലിന്യ പ്രശ്നം, ശുചിത്വം, പൗരബോധം, തുല്യനീതി മുൻനിർത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം, ഹൈക്കോടതി അടക്കം നിർദ്ദേശം വെച്ച പ്രകാരം പോക്സോ (POCSO) നിയമങ്ങൾ, കൃഷി, ജനാധിപത്യ മൂല്യങ്ങൾ, മതനിരപേക്ഷത എന്നിവ പാഠപുസ്തകങ്ങളുടെ ഭാഗമാണ്. പാഠപുസ്തകങ്ങളിൽ കുട്ടികൾ വരച്ച ചിത്രങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പാഠപുസ്തകങ്ങൾ പുറത്തിറക്കുന്നതോടൊപ്പം ഡിജിറ്റൽ പതിപ്പും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പാഠപുസ്തക പരിഷ്‌കരണത്തെ തുടർന്ന് അധ്യാപകർക്കുള്ള അധ്യാപക പുസ്തകങ്ങൾ വികസിപ്പിക്കും. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് മികച്ച പരിശീലനം നൽകും. കൂടാതെ രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങളും വികസിപ്പിക്കും. രാജ്യത്ത് ആദ്യമായാണ് രക്ഷാകർത്താക്കൾക്കുള്ള പുസ്തകങ്ങൾ വികസിപ്പിക്കുന്നത്. രണ്ട് തീരുമാനങ്ങളും സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ദേശീയതലത്തിൽ പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്ന സംസ്ഥാനം കേരളമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത അധ്യയന വർഷം സ്‌കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ പുതിയ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.

വളരെ സമയമെടുത്ത് തികച്ചും ജനകീയവും സുതാര്യവും ആയി പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ നടത്താനാണ് ശ്രമിച്ചിട്ടുള്ളത്. വിദ്യാഭ്യാസനയം 2020 ലെ മാർഗ നിർദേശങ്ങൾക്ക് പകരം ജനകീയമായ ചർച്ചകളും പഠനങ്ങളും നടത്തി കേരളത്തിന്റെ തനിമ നിലനിൽക്കുന്ന പാഠ്യപദ്ധതി രൂപീകരിക്കുന്ന സംവിധാനത്തിലൂടെയാണ് കടന്നു പോയതെന്നും മന്ത്രി പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button