ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് കേസെടുത്തു

അസം: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ ഉണ്ടായ സംഘർഷത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അസം പോലീസ് കേസെടുത്തു.  ജാമ്യമില്ല വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് എഫ്ഐആർ.
പൊതു മുതൽ നശിപ്പിക്കൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, കലാപമുണ്ടക്കാൻ ശ്രമിക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. കെ സി വേണുഗോപാൽ, കനയ്യ കുമാർ തുടങ്ങിയവർക്കെതിരെയും കേസെടുത്തതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് എക്സ് എകൗണ്ടിലൂടെ അറിയിച്ചത്.

ജനങ്ങളെ പ്രകോപിപ്പിച്ച് സംഘർഷം ഉണ്ടാക്കിയതിന് രാഹുലിനെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് നിർദ്ദേശം നൽകിയതായി ഹിമന്ത നേരത്തെ അറിയിച്ചിരുന്നു. ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തി നഗരത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ, ജോറബത്തിൽ വച്ചാണ് സംഘർഷം ഉണ്ടായത്. പോലീസ് തടഞ്ഞതോടെ ബാരിക്കേടുകൾ തകർത്ത് മുന്നോട്ടു പോകാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ് നടത്തിയിരുന്നു. കോൺഗ്രസ് പ്രവർത്തകർ നിയമം ലംഘിക്കില്ലെന്ന് പ്രഖ്യാപിച്ച രാഹുൽഗാന്ധി തുടർന്ന് ബൈപ്പാസ് മാർഗം യാത്രയുമായി മുന്നോട്ട് നീങ്ങി.

Comments
error: Content is protected !!