KERALA

ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ പ്രതിനിധി തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: സെന്റര്‍ ഫോര്‍ ഓസ്ട്രേലിയ ഇന്ത്യ റിലേഷന്‍സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം തോമസ് നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. കേരളത്തില്‍ കുടുംബ ബന്ധമുളള വ്യക്തികൂടിയാണ് ടിം തോമസ്. നോര്‍ക്ക റൂട്ട്സ് സി ഇ ഒയായ കെ ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ പ്രവാസി കേരളീയരുമായി ബന്ധപ്പെട്ട നോര്‍ക്ക റൂട്ട്സിന്റെ പ്രവര്‍ത്തനങ്ങളും വിവിധ സേവനങ്ങളും പരിചയപ്പെടുത്തി.

കേരളത്തില്‍ നിന്നു ഓസ്ട്രലിയയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി കണ്ടെത്തുന്നതിനുളള ബുദ്ധിമുട്ടുകള്‍ ചര്‍ച്ചയില്‍ ഹരികൃഷ്ണന്‍ നമ്പൂതിരി ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പ്, കേരളത്തിലേയ്ക്കുളള വിവിധ നിക്ഷേപ സാധ്യതകള്‍, നൈപുണ്യ വിജ്ഞാന മേഖലകളിലെ പരസ്പര സഹകരണം, നേരിട്ടുളള വിമാന സര്‍വ്വീസിന്റെ ആവശ്യകത എന്നിവയും ചര്‍ച്ച ചെയ്തു. ഇതോടൊപ്പം ഓസ്ട്രേലിയന്‍ സര്‍ക്കാറുമായോ എംപ്ലോയര്‍മാരുമായോ ഔദ്യോഗികമായ രീതിയിലുളള റിക്രൂട്ട്മെന്റ് സാധ്യതകളും ചര്‍ച്ച ചെയ്തു. ആരോഗ്യമേഖല, ഐ ടി, ഹോസ്പിറ്റാലിറ്റി, അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം മേഖലകളിലെ റിക്രൂട്ട്മെന്റ് സാധ്യതകളാണ് ചര്‍ച്ചചെയ്തത്.

ഓസ്ട്രേലിയയില്‍ നിലവില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി സ്കോളര്‍ഷിപ്പ്, റിസര്‍ച്ച് ഗ്രാന്റുകളും, സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകളും നിലവിലുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധമുണ്ടാക്കാനുളള നടപടികള്‍ പരിശോധിക്കാമെന്നും ടിം തോമസ് അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലികൂടി ലഭിക്കുന്നതിനുളള തടസ്സങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. നോര്‍ക്ക റൂട്ട്സുമായി ചേര്‍ന്ന് ഓസ്ട്രേലിയയിലെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന പ്രീറിക്രൂട്ട്മെന്റ് പ്രോഗ്രാമുകളുടെ സാധ്യത പരിശോധിക്കാമെന്നും ടിം തോമസ് അറിയിച്ചു. ചര്‍ച്ചയില്‍ നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളും പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button