തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്‌ഫോടനം; ഒരാൾ മരിച്ചു
ഏറണാകുളം : തൃപ്പൂണിത്തുറയില്‍ പടക്കപ്പുരയില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. സാരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുറ്റുമുള്ള വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. സ്‌ഫോടനം ഉണ്ടാവാനുള്ള കാരണം വ്യക്തമല്ല.
പരുക്കേറ്റ് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന തിരുവനന്തപുരം ഉള്ളൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ 16 പേരാണ് പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ നാല് പേർ അത്യാഹിത വിഭാഗത്തിലാണ്. വലിയ സ്ഫോടനമാണുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്
ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റര്‍ ദൂരം വരെ സ്‌ഫോടക വസ്തുക്കള്‍ തെറിച്ചുവീണാണ് ചുറ്റുമുള്ള വീടുകളില്‍ നാശനഷ്ടം സംഭവിച്ചത്. വീടുകളില്‍ ചില്ലുകള്‍ തകരുന്ന സ്ഥിതി ഉണ്ടായി.
അതേസമയം തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനെത്തിച്ച പടക്കം സംഭരിച്ചത് അനുമതിയില്ലാതെയെന്ന് ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ്. കരിമരുന്നിറക്കാന്‍ അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു. പടക്കം സംഭരിച്ചത് നിയമവിരുദ്ധമായെന്നാണ് ഫയര്‍ഫോഴ്‌സിന്റേയും പൊലീസിന്റേയും വിശദീകരണം. വെടിക്കെട്ട് നടത്താനും അനുമതി ഇല്ലായിരുന്നു. ക്ഷേത്രത്തില്‍ ഇന്നലെ നടത്തിയ വെടിക്കെട്ടിനെതിരെ കേസെടുത്തിരുന്നു. അതിനിടെയാണ് ഇന്ന് വീണ്ടും വാഹനത്തില്‍ നിന്ന് പടക്കപ്പുരയിലേക്ക് കരിമരുന്ന് ഇറക്കിയതെന്നും പൊലീസ് പറയുന്നു.