തിരുവനന്തപുരം: കേന്ദ്ര സഹായപദ്ധതികളില്‍ പേരെഴുതിയില്ലെങ്കില്‍ സഹായമില്ലെന്ന് കേന്ദ്രം, പറ്റില്ലെന്ന് കേരളം. ഇതോടെ, 2088.50 കോടിക്കുള്ള കേന്ദ്രസഹായ പദ്ധതികളാവശ്യപ്പെട്ടുള്ള കേരളത്തിന്റെ അപേക്ഷ തള്ളി. അതേസമയം ബ്രാന്‍ഡിംഗല്ല പ്രശ്‌നമെന്നും, കേന്ദ്ര പദ്ധതികള്‍ക്കുള്ള നിശ്ചിത വ്യവസ്ഥകള്‍ പാലിക്കാത്തതിനാലാണ് കേരളത്തിന്റെ അപേക്ഷ തള്ളിയതെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം
ആഗസ്റ്റ് 30നാണ് കേരളം അപേക്ഷ നല്‍കിയത്. ബ്രാന്‍ഡിംഗ് വ്യവസ്ഥ കൂടി ഉറപ്പാക്കി സെപ്തംബര്‍ 30നകം പുതിയ അപേക്ഷ നല്‍കാന്‍ മറുപടി കിട്ടി. എന്നാല്‍ ബ്രാന്‍ഡിംഗ് വ്യവസ്ഥ പാലിക്കാനാവില്ലെന്ന മറുപടിയാണ് കേരളം നല്‍കിയത്. ഇതോടെ അപേക്ഷ നിരസിക്കപ്പെട്ടു. ബ്രാന്‍ഡിംഗ് നിബന്ധന ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അതത് വകുപ്പുകള്‍ കേന്ദ്രത്തിന് കത്തെഴുതിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.
ജലശക്തി മന്ത്രാലയത്തിന്റെ കുടിവെള്ള ശുചീകരണ പദ്ധതിയായ സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍), ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് കേന്ദ്രങ്ങള്‍, ദേശീയ ആരോഗ്യ മിഷന്‍, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രാലയത്തിനു കീഴിലെ പ്രധാനമന്ത്രി ആവാസ് യോജന അര്‍ബന്‍, വനിതാശിശുക്ഷേമ മന്ത്രാലയത്തിനു കീഴിലെ പോഷണ്‍ അഭിയാന്‍ എന്നീ പദ്ധതികളില്‍ കേന്ദ്രം നിര്‍ദേശിച്ച പ്രകാരമുള്ള ബ്രാന്‍ഡിംഗ് നടപ്പാക്കിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മൂലം ആസൂത്രണപദ്ധതികള്‍ വെട്ടിച്ചുരുക്കേണ്ട സ്ഥിതിയിലാണ് കേരളം. കേന്ദ്ര പദ്ധതികള്‍ പേരും രീതികളും മാറ്റി സംസ്ഥാന പദ്ധതിയായി നടപ്പാക്കുകയാണ് കേരളത്തിന്റെ പതിവ്. ഇതുമൂലം പദ്ധതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നഷ്ടമാകുകയും ജനങ്ങള്‍ക്ക് പ്രയോജപ്പെടാതെ പോവുകയുമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കുന്നു.