സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സിനും ലേണേഴ്സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം
തിരുവനന്തപുരം:സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം. ലൈസന്‍സിന് ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ ഇനി മുതല്‍ പുതിയ ഫോം ഉപയോഗിക്കണം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്.
ഡ്രൈവിംഗ് ലൈസന്‍സ്, ലേണേഴ്സ് ലൈസന്‍സ് സംബന്ധിച്ച സേവനങ്ങള്‍ നല്‍കാന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഫോം നമ്പര്‍. I-A യിലാണ് മാറ്റം വന്നിരിക്കുന്നത്. 2021 മാര്‍ച്ച് 31ലെ G-S-R 240 (E) വിജ്ഞാപനം അനുസരിച്ച് പ്രകാരം കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് കാഴ്ച പരിശോധനയുടെ ഫോമിലും മാറ്റം വരുന്നത്.
ഇതനുസരിച്ച് അപേക്ഷകന്റെ കളര്‍ വിഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഇഷിഹാര ചാര്‍ട്ട് ഉപയോഗിച്ച് പരിശോധിക്കുകയും കഠിനമായതോ പൂര്‍ണ്ണമായതോ ആയ വര്‍ണ്ണാന്ധത ഇല്ല എന്ന് ഫോം നം. 1A യില്‍ അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന നിര്‍ദേശം പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.