എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെ കെല്‍ട്രോണ്‍ പിന്‍വലിച്ചു

തിരുവനന്തപുരം : എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെ കെല്‍ട്രോണ്‍ പിന്‍വലിച്ചു. മൂന്നുമാസത്തെ തുക സംസ്ഥാന സർക്കാർ കുടിശ്ശിക വരുത്തിയതോടെയാണ് കെൽട്രോൺ ജീവനക്കാരെ പിൻവലിക്കൽ നീക്കത്തിലേക്ക് കടന്നത്. 11 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെൽട്രോണിന് നൽകാനുള്ളത്.

എഐ ക്യാമറകൾ കണ്ടെത്തുന്ന പിഴ തുക എല്ലാം തന്നെ ഖജനാവിലേക്ക് എത്തുന്നുണ്ടെങ്കിലും കെൽട്രോണിന് നൽകാനുള്ള കരാർ തുക സർക്കാർ ഇതുവരെ നൽകിയിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും വിഷയം ധനകാര്യ സെക്രട്ടറിയും ധനമന്ത്രിയുമായി ചർച്ച നടത്തുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു.

പ്രതിസന്ധി ഉണ്ടെങ്കിലും എ ഐ ക്യാമറകൾ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. പൊതുമുതൽ ചെലവഴിച്ചുകൊണ്ട് ഒരു സംഭവം ഉണ്ടാക്കിയിട്ട് അത് നശിച്ചു പോകാൻ ഒരു തരത്തിലും അനുവദിക്കില്ല എന്നാണ് ഗതാഗത മന്ത്രി അഭിപ്രായപ്പെട്ടത്. എഐ ക്യാമറകളിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് നോട്ടീസ് നൽകാനായി പ്രത്യേക പരിശീലനം നൽകിയ മൂന്നു മുതൽ 5 ജീവനക്കാരെ വരെ ആണ് കെൽട്രോൺ ഓരോ കൺട്രോൾ റൂമുകളിലും നിയമിച്ചിരുന്നത്.
Comments
error: Content is protected !!