
കൊച്ചി: കുസാറ്റില്‍ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാലുപേര്‍ മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനും അധ്യാപകര്‍ക്കുമെതിരേ കേസെടുത്ത് പോലീസ്. എന്‍ജിനിയറിംഗ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ദീപക് കുമാര്‍ സാഹു, ടെക്ഫെസ്റ്റിന്റെ കണ്‍വീനര്‍ ഡോ.ഗിരീഷ് കുമാരന് തമ്പി, ഡോ. എം ബിജു എന്നിവര്‍ക്കെതിരേയാണ് മനഃപൂര്‍വമല്ലാത്ത നരഹത്യാ വകുപ്പ് പ്രകാരം കേസെടുത്തത്.
ഇത്രയും വലിയ പരിപാടി സംഘടിപ്പിക്കുമ്പോള്‍ നടത്തേണ്ട മുന്നൊരുക്കങ്ങളൊന്നും നടത്തിയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെ പ്രതിചേര്‍ത്തെന്ന് കാട്ടി പോലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
പരിപാടിക്ക് പോലീസ് സഹായം ആവശ്യപ്പെട്ടുകൊണ്ട് രജിസ്ട്രാര്‍ മുഖേന പോലീസിന് കത്ത് നല്കാന് സംഘാടകര്‍ നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍ രജിസ്ട്രാര്‍ കത്ത് പോലീസിന് നല്‍കിയിരുന്നില്ല.
ഇക്കാര്യത്തില്‍ വീഴ്ച ഉണ്ടായോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ രജിസ്ട്രാറെ നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല.
നവംബർ 25ന് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ‘ധിഷ്ണ 2023’ ടെക്ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് കുസാറ്റ് ഓപ്പൺ എയർ ഓഡിറ്റോറിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നാലു പേർ മരിച്ചത്. പ്രമുഖ ഗായിക നികിത ഗാന്ധിയുടെ സംഗീതനിശ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ദുരന്തം.