പരപ്പനങ്ങാടിയില്‍ പോലീസ് മാധ്യമപ്രവര്‍ത്തകന്റെ പല്ലടിച്ചു കൊഴിച്ചതായി പരാതി

മലപ്പുറം: മാധ്യമ പ്രവര്‍ത്തകനും, 2002ലെ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവുമായ ദീപക് നാരായണനെ പരപ്പനങ്ങാടി പോലീസ് ജീപ്പിലിട്ട് മര്‍ദ്ദിക്കുകയും പല്ലടിച്ചു കൊഴിക്കുകയും ചെയ്‌തെന്ന് പരാതി.
ഫെബ്രുവരി നാലിന് ഭാര്യയോടൊത്ത് ബന്ധുവീട്ടില്‍ പോകവെ, വൈകിട്ട് 6.30 സമയത്ത് പരപ്പനങ്ങാടി സ്റ്റേഷന്‍ പരിധിയിലെ പൊതു സ്ഥലത്ത് പോലീസ് ഇടപെടല്‍ മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തെ പോലീസ് മാരകമായി മര്‍ദ്ദിച്ചതെന്നാണ് ആരോപണം. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ച ദീപക് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ ചികിത്സ തേടുകയും എം എല്‍ സി (മെഡിക്കോ-ലീഗല്‍ കേസ്)ക്കു വേണ്ടിയുള്ള പേഷ്യന്റ് ഡാറ്റ ഹോസ്പിറ്റലില്‍ കൈമാറുകയും ചെയ്തു
അഞ്ചോളം പോലീസുകാരില്‍ ചിലര്‍ മദ്യപിച്ചിരുന്നുവെന്നും ഇവരെ കണ്ടാല്‍ തിരിച്ചറിയാമെന്നും അന്വേഷണമില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ദീപക് കാലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.
എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നതായി അറിയില്ല എന്ന് പരപ്പനങ്ങാടി പോലീസ് കാലിക്കറ്റ് പോസ്റ്റിനോട് പറഞ്ഞു.