KERALALITERATURENEWS

ഡോ. എം. കുഞ്ഞാമന്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്ധനും ദലിത് ചിന്തകനുമായ ഡോ. എം. കുഞ്ഞാമന്‍ എന്ന മണ്ണ്യമ്പത്തൂര്‍ കുഞ്ഞാമന്‍ അന്തരിച്ചു. 74 വയസ്സായിരുന്നു. ശ്രീകാര്യത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടില്‍നിന്ന് പോലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തി.

പാലക്കാട് ജില്ലയിലെ പട്ടാമ്പിക്കടുത്ത് വാടാനാംകുറിശ്ശിയില്‍ അയ്യപ്പന്റെയും ചെറോണയുടെയും മകനായി 1949 ഡിസംബര്‍ മൂന്നിന് ജനനം. ജാതി വിവേചനത്തിന്റെയും പട്ടിണിയുടെയും ദുരിതങ്ങള്‍ നിറഞ്ഞതായിരുന്നു ബാല്യം. വാടാനംകുറിശ്ശി എല്‍.പി. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. പ്രീഡിഗ്രി മുതല്‍ എം.എ വരെ പാലക്കാട് വിക്ടോറിയ കോളജില്‍. 1974-ല്‍ കോഴിക്കോട് സര്‍വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ എം.എ. പാസായി.

കെ.ആര്‍ നാരായണന് ശേഷം റാങ്ക് നേടിയ ആദ്യ ദലിത് വിദ്യാര്‍ത്ഥിയെന്ന നേട്ടം സ്വന്തമാക്കി. തുടര്‍ന്ന് തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസില്‍ ഡോ. കെ.എന്‍. രാജിനുകീഴില്‍ കേരളത്തിലെ തെക്കന്‍, വടക്കന്‍ ജില്ലകളിലെ ആദിവാസി ജീവിതത്തെക്കുറിച്ചു താരതമ്യപഠനം നടത്തി. തിരുവനന്തപുരം സി.ഡി.എസില്‍ നിന്ന് എം.ഫില്‍ നേടി. ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണത്തെക്കുറിച്ച് കുസാറ്റില്‍നിന്ന് പിഎച്ച്.ഡിയും നേടി.

1979 ല്‍ കേരള സര്‍വകലാശാലയില്‍ സാമ്പത്തികശാസ്ത്ര വിഭാഗത്തില്‍ ലക്ചറര്‍. 2006 വരെ, 27 വര്‍ഷം കാര്യവട്ടം കാമ്പസില്‍ അധ്യാപകന്‍. ഇതിനിടെ, ഒന്നര വര്‍ഷത്തോളം യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍ അംഗമായി സേവനമനുഷ്ഠിച്ചു.പ്രഫസറായിരിക്കേ കേരള സര്‍വകലാശാലയില്‍നിന്ന് രാജിവെച്ച് 2006-ല്‍ മഹാരാഷ്ട്രയില്‍ തുല്‍ജാപ്പൂരിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ പ്രഫസറായി ചേര്‍ന്നു. റിട്ടയര്‍മെന്റിനുശേഷവും നാലുവര്‍ഷം കൂടി അവിടെ തുടര്‍ന്നു

എം.ജി സര്‍വകലാശാലയിലെ നെല്‍സണ്‍ മണ്ടേല ചെയര്‍ പ്രൊഫസറായിരുന്നു. കുഞ്ഞാമന്റെ ‘എതിര്’ എന്ന ജീവചരിത്രത്തിന് 2021ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചെങ്കിലും കുഞ്ഞാമന്‍ നിരസിച്ചു. അക്കാദമിക ജീവിതത്തിലോ ബൗദ്ധിക ജീവിതത്തിലോ ഇത്തരം ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം നിലപാടെടുക്കുകയായിരുന്നു.

കേരളത്തിലെ വികസനപ്രതിസന്ധി,ആദിവാസി സമ്പദ്വ്യവസ്ഥയുടെ വികസനം, ഇന്ത്യയിലെ സംസ്ഥാനതല ആസൂത്രണം, ആഗോളവല്‍ക്കരണം: ഒരു സബാള്‍ട്ടേണ്‍ വീക്ഷണം, സാമ്പത്തിക വികസനം, സാമൂഹിക മാറ്റം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ഭാര്യ: രോഹിണി. മകള്‍ അമേരിക്കയില്‍ എഞ്ചിനീയറാണ്.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button