സി-ഡിറ്റ് ഡയറക്ടറായി ജി ജയരാജിനെ നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് തിരിച്ചടി
തിരുവനന്തപുരം: സി-ഡിറ്റ് ഡയറക്ടറായി ജി ജയരാജിനെ നിയമിച്ച സര്‍ക്കാര്‍ നടപടിക്ക് തിരിച്ചടി. ഡയറക്ടറായി നിയമിതനാകാനുള്ള യോഗ്യത പുനര്‍നിശ്ചയിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. യോഗ്യത പുനര്‍നിശ്ചയിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികളും കോടതി മരവിപ്പിച്ചു. ഇതോടെ ജയരാജന് സി-ഡിറ്റ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാനാകില്ല.
രണ്ടാം പിണറായി സര്‍ക്കാരാണ് ഡയറക്ടര്‍ സ്ഥാനത്തേക്കുളള നിയമനത്തിനുളള യോഗ്യതകള്‍ മാറ്റിയത്. ഇത് ചോദ്യം ചെയ്തുളള ഹര്‍ജിയിലാണ് നോട്ടിഫിക്കേഷനും അതിലെ തുടര്‍ നടപടികളും സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. വിദ്യാഭ്യാസം, സയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ മേഖലകളില്‍ മികവു തെളിയിച്ചവരെ നിയമിക്കാമെന്നായിരുന്നു മുന്‍ ശുപാര്‍ശ. ഇതില്‍ മാറ്റിയാണ് സര്‍വീസില്‍ നിന്ന് വിരമിച്ചവരെയും നിയമിക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നത്. ജയരാജിന്റെ നിയമനത്തിനുവേണ്ടിയാണ് വ്യവസ്ഥകള്‍ മാറ്റിയതെന്നായിരുന്നു ആരോപണം. നോട്ടിഫിക്കേഷന്‍ റദ്ദാക്കിയതോടെയാണ് ജയരാജിന്റെ നിയമനവും അസാധുവായത്.
സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവാണ് ജി ജയരാജ്. മുന്‍ നിയമനം കോടതിയിലെത്തിയതോടെ സര്‍ക്കാര്‍ നിയമനം പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ യോഗ്യതകളില്‍ മാറ്റം വരുത്തി ജയരാജിനെ നിയമിച്ചത്.