പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ മെഡിസെപ്പ് പരിരക്ഷ കിട്ടാൻ 2022 മുതലുള്ള പ്രീമിയം മുഴുവനായും അടക്കണമെന്ന ഉത്തരവിലുറച്ച് സർക്കാർ

തിരുവനന്തപുരം: പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർ മെഡിസെപ്പ് പരിരക്ഷ കിട്ടാൻ 2022 മുതലുള്ള പ്രീമിയം മുഴുവനായും അടക്കണമെന്ന ഉത്തരവിലുറച്ച് സർക്കാർ. സർവീസ് സംഘടനകളുടെ പ്രതിഷേധത്തിനിടയിലും ഉത്തരവ് പുനഃപരിശോധിക്കാൻ സർക്കാർ തയാറല്ല. അടുത്ത വർഷം മെഡിസെപ് കരാറുണ്ടാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച നടത്തണമെന്നാണ് സംഘടനകളുടെ ആവശ്യം.

2022 ജൂലൈ മുതൽ, മാസം അഞ്ഞൂറ് രൂപ വീതം മൂന്ന് വർഷത്തേക്ക്, 18, 000 രൂപയാണ് മെഡിസെപ് പ്രീമിയമായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്നത്. എന്നാൽ, പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരും 18, 000 രൂപ തന്നെ അടക്കണമെന്ന് കഴിഞ്ഞ മാസം 16ന് ധനവകുപ്പ് ഉത്തരവിറക്കി. ആദ്യശമ്പളം മുതൽ തുല്യമായി ഈ തുക കുറവ് ചെയ്യണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. അതായത് ഇപ്പോൾ ജോലിക്ക് കയറിയാലും, 2022 മുതലുള്ള കുടിശ്ശിക അടയ്‌ക്കേണ്ടതാണ്. മൂന്ന് വർഷത്തേക്ക് ഒപ്പിട്ട മെഡിസെപ് കരാർ അടുത്ത വർഷം ജൂണിൽ അവസാനിക്കും. അതിന് ഒരു മാസം മുമ്പ് ജോലിക്ക് പ്രവേശിച്ചാലും, ഒരു ആനുകൂല്യം പോലും നേടിയില്ലെങ്കിലും മുഴുവൻ പ്രീമിയം അടക്കണം.

Comments
error: Content is protected !!