വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്ക് വെടിവെയ്ക്കാന്‍ ഉത്തരവ്

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ മയക്ക് വെടിവെയ്ക്കാന്‍ ഉത്തരവ്. ഉന്നതതലയോഗത്തിന് ശേഷമാണ് മയക്കുവെടി വയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പുറപ്പെടുവിച്ചത്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവിലുളളത്. ഉത്തരവിറങ്ങുന്നതിന് മുന്നോടിയായി വനംവകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.

അതേസമയം നാട്ടുകാർ മൃതദേഹവുമായി  സബ് കളക്ടർ ഓഫീസിനു മുന്നിൽ പ്രതിഷേധം തുടരുകയാണ്. കാട്ടാന ജനവാസമേഖലക്കടുത്തെത്തിയിട്ടും നടപടി എടുക്കാത്ത വനംവകുപ്പിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ നൽകാമെന്നും മരിച്ച അജിയുടെ കുടുംബത്തിൽ ഒരാൾക്ക് ജോലി നൽകാമെന്നുമുള്ള കളക്ടറുടെ നിർദ്ദേശം ചർച്ചയ്ക്ക് എത്തിയവർ തള്ളി. ഇനിയൊരു വന്യജീവി ആക്രമണം വയനാട്ടില്‍ ഉണ്ടാകരുതെന്നും അജിയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയുമാണ് നാട്ടുകാരുടെ ആവശ്യം. ആനയെ വെടിവെച്ച് കൊല്ലണമെന്നും ആവശ്യം ഉയരുന്നുണ്ട്.

Comments
error: Content is protected !!