സംസ്ഥാന വ്യാപകമായി ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തി
തിരുവനന്തപുരം: ചിക്കന്‍ വിഭവങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചിക്കന്‍ വിഭവങ്ങളില്‍ അളവില്‍ കൂടുതല്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച സ്പെഷ്യല്‍ ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. ന്യൂ ഇയര്‍ വിപണികളിലുള്ള പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇതുകൂടാതെ ക്രിസ്തുമസ് – പുതുവത്സര സീസണില്‍ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായുള്ള സ്പെഷ്യല്‍ സ്ക്വാഡിന്റെ പരിശോധനകളും നടന്നു വരുന്നതായും മന്ത്രി വിശദമാക്കി. കേക്ക്, വൈന്‍, ബേക്കറി വസ്തുക്കള്‍ നിര്‍മ്മിക്കുന്ന ബോര്‍മകള്‍, ബേക്കറി, മറ്റ് ചെറുകിട സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം ഉറപ്പാക്കുന്നതിനാണ് പരിശോധന നടത്തുന്നത്.