CALICUTDISTRICT NEWS
ജില്ലയിൽ എലിഫന്റ് സ്ക്വാഡ് രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായി
കോഴിക്കോട് : ജില്ലയിൽ എലിഫന്റ് സ്ക്വാഡ് രൂപീകരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നാട്ടാന പരിപാലന ജില്ലാ മോണിറ്ററിങ്ങ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇടഞ്ഞ ആനകളെ മയക്കുവെടി വെച്ച് തളക്കാൻ താല്പര്യമുള്ളവർക്ക് രജിസ്ട്രേഷൻ നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ നൽകാനും തീരുമാനമായി. ഇത് സംബന്ധിച്ച് താല്പര്യമുള്ളവരുടെ പട്ടിക വെറ്ററിനറി ഓഫീസർ ആണ് നൽകുക. അഞ്ചോ അതിൽ കൂടുതലോ ആനകൾ ഉള്ള ഉത്സവങ്ങളിൽ എലിഫന്റ് സ്ക്വാഡിന്റെ സാന്നിധ്യം നിർബന്ധമാണ്.
ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് ഇതുവരെ രജിസ്റ്റർ ചെയ്യാത്തവരെ രജിസ്റ്റർ ചെയ്യിപ്പിക്കാൻ ഉത്സവ കോർഡിനേഷൻ കമ്മിറ്റിയോട് യോഗം ആവശ്യപ്പെട്ടു. നിലവിൽ 30 അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. എഡിഎം സി മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺർവേറ്റർ (സോഷ്യൽ ഫോറസ്റ്ററി) പി സത്യപ്രഭ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ ജിതേന്ദ്ര കുമാർ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ എ ജെ ജോയ്, എസ് പി സി എ സെക്രട്ടറി അഡ്വ. എം രാജൻ, ഇ സി നന്ദകുമാർ (അഗ്നിശമന സേന), നവജ്യോത് ടി പി (ഉത്സവ കോർഡിനേഷൻ കമ്മിറ്റി), രസ്ജിത് ശ്രീലകത്ത് (എലിഫന്റ് ഒണേഴ്സ് ഫെഡറേഷൻ കമ്മിറ്റി), റേഞ്ച് ഓഫിസർ ബിജേഷ് കുമാർ വി, ബൈജു കെ കെ തുടങ്ങിയവർ പങ്കെടുത്തു.
Comments