തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തുവെന്ന ഹര്‍ജിയില്‍ പിണറായി വിജയനും മന്ത്രിമാര്‍ക്കും ലോകായുക്തയ്ക്കും നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്. മുഖ്യമന്ത്രിയേയും മന്ത്രിമാരെയും അയോഗ്യരാക്കണമെന്ന പരാതി ലോകയുക്തയുടെ ഫുള്‍ ബെഞ്ച് തള്ളിയതിനെതിരെ പരാതിക്കാരനായ ആര്‍ എസ് ശശികുമാര്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായ്, ജസ്റ്റിസ് വി ജി അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.
മുഖ്യമന്ത്രി ഉള്‍പ്പടെ പതിനേഴു മന്ത്രിമാരെയും ലോകായുക്തയെയും ചീഫ് സെക്രട്ടറിയെയും എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ദുരിതാശ്വാസനിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതിക്ക് സാധുത ഉണ്ടെന്നും, നിധിയില്‍ നിന്നും തുക അനുവദിച്ചതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നിട്ടുണ്ടെങ്കിലും തുക അനുവദിച്ചതില്‍ സ്വജനപക്ഷപാതം നടന്നതായി തെളിയിക്കാനാകാത്തതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നുമായിരുന്നു നേരത്തെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ വിധിന്യായം.
ദുരിതാശ്വാസനിധിയില്‍ ദുര്‍വിനിയോഗം നടന്നതായി കണ്ടെത്തിയ ലോകായുക്ത തന്നെ സ്വജന പക്ഷപാതം നടന്നിട്ടില്ലെന്ന് പറയുന്നതില്‍ നീതീകരണമില്ലെന്നും ഉപലോകയുക്തമാരെക്കുറിച്ച് വ്യക്തിപരമായ പരാമര്‍ശമുള്ളതിനാല്‍ വിചാരണ വേളയില്‍ ആവശ്യമെങ്കില്‍ രണ്ട് ഉപലോകയുക്തമാരെയും എതിര്‍കക്ഷികളാക്കുവാന്‍ അനുവാദം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിക്കാരനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടമാണ് കോടതിയില്‍ ഹാജരായത്.