കോതമംഗലം അയ്യപ്പൻ വിളക്കിന് പ്രകാശഗോപുരമായി ഇത്തവണയും കമാനമുയരും
കൊയിലാണ്ടി കോതമംഗലത്തെ അയ്യപ്പൻ വിളക്കും, ചന്തയും ചേർന്ന ആഘോഷത്തിന് ബപ്പൻ കാട് തെരുവിനെ ആകർഷകമാക്കാൻ ഇത്തവണയും വർണ്ണശബളമായ
കമാനമുണ്ടാവും. കമാനത്തിന്റെ നിർമ്മാണച്ചുമതല ഇത്തവണ തൃശൂരിലെ സി.ജെ. ലൈറ്റ്സ് ആന്റ് സൗണ്ടിനാണ്. തൃശൂരിലെ പവറട്ടിയിൽ നിന്നാണ് ഈ സംഘം ബപ്പൻ കാട്ടിലെത്തിയത്. എട്ട് ദിവസത്തെ പ്രവർത്തന ഫലമായാണ് പതിനെട്ടോളം തൊഴിലാളികൾ ചേർന്ന് കമാനമൊരുക്കിക്കൊണ്ടിരിക്കുന്നത്. ഉത്സവാഘോഷക്കമ്മറ്റിക്കു വേണ്ടിയാണ് ഇരുമ്പ് ദണ്ഡുകൾ, കവുങ്ങ്, മുള, മര റീപ്പർ എന്നിവയുപയോഗിച്ച് കമാനം നിർമ്മിക്കുന്നത്. തൃശൂർ പൂരത്തിനും, പാലക്കാട്ടെ വിവിധ സ്ഥലങ്ങളിലും ഇതേ കമ്പനി മുമ്പ് കമാനങ്ങൾ തീർത്തിട്ടുണ്ട്. കോഴിക്കോട് പുതിയാപ്പ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇവർ നിർമ്മിച്ച കമാനം ഇപ്പോഴുണ്ട്. എൽ.ഇ.ഡി. ലൈറ്റായതിനാൽ വലിയ തോതിൽ കരണ്ട് ആവശ്യമില്ലാത്തതാണ് ഈ കമാനം. ഈ മാസം ഇരുപത്തിരണ്ടാം തിയ്യതി മുതൽ ഇരുപത്തിയഞ്ചാം തിയ്യതി വരെ അയ്യപ്പൻ വിളക്കുത്സവം കാണാനെത്തുന്ന ആളുകൾക്ക്
വെളിച്ചത്തിന്റെയും, വർണത്തിന്റെയും വിരുന്നൊരുക്കി ഈ പ്രകാശഗോപുരം പ്രഭ ചൊരിയും.