കൊയിലാണ്ടിയില്‍ വെറ്റിനറി പോളി ക്ലിനിക് അനുവദിക്കണം

കൊയിലാണ്ടി: താലൂക്ക് കേന്ദ്രമായ കൊയിലാണ്ടിയിലെ വെറ്റിനറി ഹോസ്പിറ്റല്‍ പോളി ക്ലിനിക് ആയി ഉയര്‍ത്തണമെന്ന ആവശ്യം ഇതുവരെ നടപ്പായില്ല. നിലവില്‍ ഒരു സീനിയര്‍ വെറ്റിനറി സര്‍ജനും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടറും മാത്രമാണ് ഈ ആശുപത്രിയില്‍ ഇപ്പോഴുള്ളത്. പോളി ക്ലിനിക്ക് ആയി ഉയര്‍ത്തുമ്പോള്‍ ഒരു വെറ്റിനറി സര്‍ജന്‍, ലാബ് ടെക്നിഷ്യന്‍, ക്ലര്‍ക്ക് എന്നീ പോസ്റ്റുകള്‍ അധികമായി ലഭിക്കും.

മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലേയും നിരവധി ക്ഷീര കര്‍ഷകരും ആട് കര്‍ഷകരും തുടങ്ങി ഓമന മൃഗങ്ങളുടെ ഉടമസ്ഥരും ആശ്രയിക്കുന്ന ആശുപത്രിയാണിത്. ആശുപത്രിയില്‍ കൊണ്ടു വരുന്ന മൃഗങ്ങളുടെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ ഡോക്ടര്‍ക്ക് വീടുകളില്‍ ചെന്ന് അടിയന്തിര ചികിത്സ ആവശ്യമുള്ള കാര്യങ്ങള്‍ക്ക് പോകാന്‍ കഴിയുകയുളളു. അതു പോലെ തന്നെ താലൂക്കിലെ എല്ലാ പഞ്ചായത്തിലെയും രോഗ പ്രതിരോധ വാക്‌സിന്‍ വിതരണവും ഫണ്ട് വിതരണവും നിര്‍വഹിക്കുന്നത് താലൂക്ക് കോര്‍ഡിനേറ്റര്‍ ചുമതല കൂടി ഉള്ള കൊയിലാണ്ടിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ആണ്. കൂടാതെ താലൂക്ക് തലത്തില്‍ അപ്പപ്പോള്‍ ശേഖരിച്ച് നല്‍കേണ്ട റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ട ചുമതലയും ഈ ഓഫീസിനുണ്ട്.

പോളി ക്ലിനിക്ക് ആയി ഉയര്‍ത്തുന്നതോടെ ആശുപത്രിയില്‍ ചികിത്സക്കായി വരുന്ന മൃഗങ്ങള്‍ക്ക് ചികിത്സ കൂടുതല്‍ കാര്യക്ഷമമായി നല്‍കാന്‍ സാധിക്കുമെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ പറയുന്നു. പോളീ ക്ലീനിക്കായാല്‍ സീനിയര്‍ ഡോക്ടര്‍ക്ക് താലൂക്ക് തല രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി നിര്‍വഹിക്കാനായി ക്ലര്‍ക്കിന്റെ സേവനവും ലഭിക്കും. രണ്ടു ഷിഫ്റ്റില്‍ രാവിലെ എട്ട് മുതല്‍ രാത്രി എട്ട് മണിവരെ ഓരോ ഡോക്ടര്‍മാരുടെ തസ്തികയും ഭാവിയില്‍ ലഭിക്കും.

കോഴിക്കോട് പോയാണ് നിലവില്‍ ലാബ് ടെസ്റ്റുകള്‍ കര്‍ഷകര്‍ നടത്തുന്നത്. ലാബ് സൗകര്യം അടങ്ങിയ എമര്‍ജന്‍സി മൊബൈല്‍ വെറ്റിനറി യൂണിറ്റ് കൂടി പോളി ക്ലിനിക്കിന് കീഴില്‍ ആരംഭിച്ചാല്‍,ക്ഷീര കര്‍ഷകര്‍ക്ക് മികച്ച സേവനം നല്‍കുന്ന ഒരു സ്ഥാപനമായി കൊയിലാണ്ടി വെറ്റിനറി ഹോസ്പിറ്റല്‍ മാറും. റീജിണല്‍ ആനിമല്‍ ഹസ്ബന്ററി സെന്റര്‍, കന്നുകുട്ടി പരിപാലന പദ്ധതി അസി.ഡയറക്ടര്‍ ഓഫീസ് തുടങ്ങിയ ജില്ലാതല ഓഫീസുകള്‍ ഇപ്പോള്‍ കൊയിലാണ്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്.

കൊയിലാണ്ടി മൃഗാസ്പത്രി വെറ്റിനറി പോളി ക്ലീനിക്കായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് കൊയിലാണ്ടി നഗരസഭ പ്രമേയം പാസാക്കിയതാണ്. പ്രമേയവും നഗരസഭയുടെ ഇത് സംബന്ധിച്ച് കത്തും മുന്‍ ക്ഷീര വികസന വകുപ്പിന് അയച്ചു കൊടുത്തതാണ്. ആംബുലന്‍സ് സൗകര്യത്തോടു കൂടിയ എമര്‍ജന്‍സി മൊബൈല്‍ യൂനിറ്റും ലാബും ഇതോടൊപ്പം ആരംഭിക്കണമെന്ന് പ്രമേയത്തിലൂടെ നഗരസഭ ആവശ്യപ്പെട്ടത്.

Comments
error: Content is protected !!