കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ നവീകരണത്തിന് തുടക്കമായി
കോഴിക്കോട്: കോഴിക്കോട് റെയില്‍വേസ്റ്റേഷന്‍ നവീകരണത്തിന് തുടക്കമായി. ടെന്‍ഡറായ പദ്ധതിക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമനിര്‍മാണാനുമതി ലഭിച്ചു. 445.95 കോടി രൂപ ചെലവില്‍ 46 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഷന്‍ അന്താരാഷ്ട്രനിലവാരത്തില്‍ നവീകരിക്കുന്നത്. ജനുവരി ആദ്യവാരം പണി പൂര്‍ണതോതില്‍ പുരോഗമിക്കും.
സ്റ്റേഷന്‍നിര്‍മാണത്തിനായി നാലിടത്ത് പൈലിങ്ങിനുമുന്നോടിയായുള്ള മണ്ണുപരിശോധനയാണ് തുടങ്ങിയത്. റാങ്ക് പ്രോജക്ട്സ് എ.ജി.എം. രമേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. രണ്ടാം പ്ലാറ്റ്‌ഫോമിലും പ്രവേശനകവാടത്തിനുസമീപവും റെയില്‍വേ കോളനിയിലുമാണ് ഇപ്പോള്‍ പ്രവൃത്തികള്‍ നടക്കുന്നത്. കോളനിയിലെ പഴയകെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി. ഈ ഭാഗത്ത് വിപുലമായ പാര്‍ക്കിങ് സൗകര്യമൊരുങ്ങും. നിര്‍മാണോപകരണങ്ങളും സാമഗ്രികളും ഇവിടെ സൂക്ഷിക്കും. സ്റ്റേഷനിലെ ഓഫീസുകളും മാറ്റിത്തുടങ്ങി.
സ്റ്റേഷന്‍ പുതുക്കിപ്പണിയുമ്പോള്‍ ഏറ്റവും ആകര്‍ഷകമാവുക ‘എയര്‍ കോണ്‍കോഴ്സ്’ എന്ന ആകാശ ഇടനാഴിയാകും. 48 മീറ്റര്‍ വീതിയിലാണ് കോണ്‍കോഴ്സ് വരുന്നത്. ഇതിനുമുകളില്‍ ലഭ്യമാകുന്ന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ടിക്കറ്റ് എടുക്കാത്തവര്‍ക്കും സാധിക്കും. നിലവിലെ അഞ്ചുമീറ്റര്‍ വീതിയിലുള്ള രണ്ട് ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ക്കുപകരം 12 മീറ്റര്‍ വീതിയിലുള്ള രണ്ട് പുതിയ ഫൂട്ട് ഓവര്‍ബ്രിഡ്ജുകള്‍ സ്ഥാപിക്കും. പാര്‍ക്കിങ്ങുകളിലേക്ക് ഫൂട്ട് ഓവര്‍ബ്രിഡ്ജുകളില്‍നിന്നും കോണ്‍കോഴ്‌സില്‍നിന്നും സ്‌കൈവാക്ക് സൗകര്യമുണ്ടാവും.