75-ാമത് റിപ്പബ്ലിക്ക് ദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപതാക ഉയർത്തി
കോഴിക്കോട് : 75-ാമത് റിപ്പബ്ലിക്ക് ദിനത്തിൽ കോഴിക്കോട് വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ദേശീയപതാക ഉയർത്തി.
ഭരണഘടനയുടെ ആമുഖം വായിച്ച മന്ത്രി ആമുഖത്തേക്കുറിച്ച് ഭരണഘടനാ ശിൽപ്പി ഡോ അംബേദ്കർ പറഞ്ഞത് ഓർമിപ്പിച്ചു. “സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഒന്നില്ലാതെ മറ്റൊന്നിനു നിലനിൽപ്പില്ല. സമത്വം ഇല്ലായിരുന്നെങ്കിൽ അനേകരുടെ മേൽ ചിലരുടെ മേൽക്കോയ്മ ഉണ്ടാക്കുന്നതായി മാറുമായിരുന്നു നമ്മുടെ സ്വാതന്ത്ര്യം,” അംബേദ്കറെ ഉദ്ധരിച്ചു മന്ത്രി ചൂണ്ടിക്കാട്ടി.
നേരത്തെ വിവിധ സേനാവിഭാഗങ്ങളുടെ പരേഡ് പരിശോധിച്ച മന്ത്രി 28 പ്ലറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു. കോഴിക്കോട് റൂറൽ എ എസ് പി അങ്കിത് സിംഗ് പരേഡ് കമാൻഡറും കോഴിക്കോട് സിറ്റി ഹെഡ്ക്വാർട്ടേഴ്‌സ് സബ് ഇൻസ്‌പെക്ടർ മുരളീധരൻ പി സെക്കന്റ് പരേഡ് കമാൻഡറുമായിരുന്നു.
മേയർ ബീന ഫിലിപ്പ്, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, എം കെ രാഘവൻ എം പി, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, സബ് കലക്ടർ ഹർഷിൽ ആർ മീണ, അസിസ്റ്റന്റ് കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി മുഹമ്മദ് റഫീഖ്, കോഴിക്കോട് ജില്ലാ പോലീസ് മേധാവി രാജ്പാൽ മീണ, കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. അരവിന്ദ് സുകുമാർ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനതലത്തിൽ വനിത-ശിശു വികസന വകുപ്പ് നൽകുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന് അർഹരായ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.