KERALA

ശബരിമലയില്‍ ഇന്നുമുതല്‍ (10-01-2024) സ്‌പോട്ട് ബുക്കിങ് ഇല്ല

ശബരിമല: ശബരിമലയില്‍ ഇന്നുമുതല്‍ (10-01-2024) സ്‌പോട്ട് ബുക്കിങ് ഇല്ല. തുടര്‍ച്ചയായി ഒരു ലക്ഷം പേരാണ് ശബരിമല ചവിട്ടുന്നത്. 4400 പേരാണ് മണിക്കൂറില്‍ മല ചിവിട്ടുന്നത്.

ഭക്തര്‍ക്ക് സുഗമവും സുരക്ഷിതവുമായ ദര്‍ശനം ഒരുക്കാന്‍ ഇന്ന് മുതല്‍ (10-01-2024) സ്‌പോട്ട്ബുക്കിങ് സൗകര്യം ഉണ്ടാവില്ലെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു . 14 ന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് പരിധി 50000 ആയും മകരവിളക്ക് ദിനമായ 15ന് 40,000 ആയും പരിമിതപ്പെടുത്തി. പൊലീസിന്റെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിൻ്റെ തീരുമാനം.

മകരവിളക്കിനോട് അടുത്ത ദിവസങ്ങളില്‍ സന്നിധാനത്തും പരിസരങ്ങളിലും ഭക്തജന തിരക്ക് ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാന്‍ തീരുമാനിച്ചത്. മുന്‍കാലങ്ങളില്‍ മകരവിളക്കിന് മൂന്നുനാള്‍ മുമ്പ് തന്നെ ശബരിമല ദര്‍ശനത്തിനായി എത്തിച്ചേരുന്ന അയ്യപ്പഭക്തര്‍ മകരവിളക്ക് കാണാനും തിരുവാഭരണം ചാര്‍ത്തിയ അയ്യപ്പസ്വാമിയെ ദര്‍ശിക്കുന്നതിനുമായി സന്നിധാനം വിട്ടിറങ്ങാതെ ശബരിമലയിലെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യാറാണ് പതിവ്.

ഇതിന് പുറമെ കൂടുതല്‍ ഭക്തര്‍ അയ്യപ്പ ദര്‍ശനത്തിനായി മലകയറിയാല്‍ അത് സുരക്ഷയെയും സുഗമമായ ദര്‍ശന സൗകര്യത്തെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷിത ദര്‍ശനം ഒരുക്കാന്‍ സ്‌പോട്ട് ബുക്കിങ് ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. 14, 15 തിയതികളില്‍ ശബരിമലയില്‍ വലിയ ഭക്തജനതിരക്ക് ഉണ്ടാകുമെന്നതിനാല്‍ മാളികപ്പുറങ്ങളും കുട്ടികളും അന്നേദിവങ്ങളില്‍ ശബരിമല ദര്‍ശനം പരമാവധി ഒഴിവാക്കുന്നതാണ് അഭികാമ്യമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button