സംസ്ഥാനത്ത് ബാങ്ക് അക്കൗണ്ടുകള്‍ വാടകക്കെടുത്ത് ഓണ്‍ ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാങ്ക് അക്കൗണ്ടുകള്‍ വാടകക്കെടുത്ത് സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ സജീവമാകുന്നുവെന്ന് റിപ്പോര്‍ട്ട്. തട്ടിപ്പ് സംഘവുമായി സഹകരിച്ച 22 അക്കൗണ്ടുകളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

തട്ടിപ്പ് സംഘം ഇത്തരം അക്കൗണ്ടുകള്‍ നിയന്ത്രിക്കുന്നത് വിദേശത്ത് നിന്നാണ്. ഇങ്ങനെ തട്ടിപ്പ് നടന്ന ഒരു അക്കൗണ്ടിലൂടെ പത്ത് ദിവസം കൊണ്ട് മറിഞ്ഞത് അഞ്ചരക്കോടി രൂപയാണ്. ഈ അക്കൗണ്ടിന്റെ ഉടമയായ മുഹമ്മദ് സോജിന്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. തട്ടിപ്പ് വഴി അക്കൗണ്ടിലെത്തിയ പണം ഉടനടി വിദേശത്ത് നിന്നും പിന്‍വലിക്കുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി. സംഘത്തിന്റെ തട്ടിപ്പിലൂടെ നാലര ലക്ഷം രൂപ നഷ്ടമായ തിരുവനന്തപുരം മണക്കാടുള്ള വീട്ടമ്മയുടെ പരാതിയിലെ അന്വേഷണമാണ് നിര്‍ണായക കണ്ടെത്തലിന് ഇടയാക്കിയത്.

ജോലി വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്ന് സംഘം തട്ടിയ പണം ആദ്യം പോയത് മുംബൈയിലെ ഒരു അക്കൗണ്ടിലേക്കാണ്. അവിടെ നിന്നും മലപ്പുറത്തെ ഒരു സ്വകാര്യ ബാങ്കിന്റെ അക്കൗണ്ടിലേക്കും. ഈ അക്കൗണ്ടിന്റെ ഉടമ മുഹമ്മദ് സോജിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിന്റെ വഴികള്‍  പുറത്ത് വന്നത്. അക്കൗണ്ടിന്റെ പാസ് ബുക്കും അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറിന്റെ സിം കാര്‍ഡും ജുനൈസ് എന്നയാള്‍ക്ക് കൈമാറിയെന്നാണ് സോജിന്‍ നല്‍കിയ മൊഴി.

ഒക്ടോബര്‍ ഒന്ന് മുതല്‍ 10 ദിവസം കൊണ്ട് അഞ്ചരക്കോടിയാണ് തട്ടിപ്പ് സംഘം വാടകയ്‌ക്കെടുത്ത അക്കൗണ്ട് വഴി എത്തിയത്. ഈ പണം കൈമാറ്റം ചെയ്ത 22 അക്കൗണ്ടുകൾ സൈബര്‍ ഓപ്പറേഷന്‍ ഡിവിഷന്‍ കണ്ടെത്തി. ഇവയിൽ കൂടുതലും കോഴിക്കോട്, മലപ്പുറം കേന്ദ്രീകരിച്ചുള്ളവയാണ്.

Comments
error: Content is protected !!