കേന്ദ്ര അവഗണനക്കെതിരെ ഡല്‍ഹിയില്‍ നാളെ (വ്യാഴം) ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ പ്രതിഷേധം

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ഉപരോധം തീര്‍ക്കുന്നുവെന്ന് ആരോപിച്ച് ഇടതു മുന്നണിയുടെ നേതൃത്വത്തില്‍ നാളെ (വ്യാഴം)  രാവിലെ 11 മണിക്ക് ജന്തര്‍ മന്തറിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ അണിനിരക്കുന്ന പരിപാടിയില്‍ ഡിഎംകെ, ആര്‍ജെഡി, ആം ആദ്മി പാര്‍ട്ടി, നാഷനല്‍ കോണ്‍ഫറന്‍സ്, ജെഎംഎം, എന്‍സിപി എന്നീ പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയും ഏതാനും മന്ത്രിമാരും ഇന്നലെ ഡല്‍ഹിയിലെത്തി. ബാക്കിയുള്ളവര്‍ ഇന്നെത്തും. പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പിണറായി വിജയനു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കത്തയച്ചിട്ടുണ്ട്. യുഡിഎഫിനെ ക്ഷണിച്ചെങ്കിലും പങ്കെടുക്കുന്നില്ല.

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ക്ഷണിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്നു ജയരാജന്‍ പറഞ്ഞു. പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ വൈകിട്ട് 4 മുതല്‍ 6 വരെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പഞ്ചായത്ത്തലത്തില്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുമെന്നും ജയരാജന്‍ പറഞ്ഞു.

Comments
error: Content is protected !!