സൈരി തിരുവങ്ങൂർ സുവർണ ജൂബിലി ആഘോഷം ജനുവരി 26 മുതൽ 28വരെ
തിരുവങ്ങൂർ: സൈരി തിരുവങ്ങൂർ സുവർണ ജൂബിലി ആഘോഷം 2024 ജനുവരി 26, 27, 28 തിയ്യതികളിൽ നടക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ് ജനുവരി 26 ന് ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീല അദ്ധ്യക്ഷത വഹിക്കും.
മൺമറഞ്ഞ സൈരി ഭാരവാഹികളുടെ ഫോട്ടോ അനാഛാദനവും തുടർന്ന് സൈരി ബാലവേദിയുടെ കലാപരിപാടികളും അരങ്ങേറും. വനിതാവേദിയുടെ നൃത്തശിൽപ്പം, ബാലവേദിയുടെ നാടകം എന്നിവയും വേദിയിലെത്തുന്നു.
രണ്ടാം ദിനമായ ജനുവരി 27ന് സാംസ്ക്കാരിക സമ്മേളനത്തിൽ ജോൺ ബ്രിട്ടാസ് എം പി മുഖ്യാതിഥിയാവും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷം വഹിക്കും. പ്രതിഭകളെ ആദരിക്കൽ തുടങ്ങിയവക്ക്ശേഷം വനിതാവേദിയുടെ കലാപരിപാടികൾ, മുതിർന്നവരുടെ കോൽക്കളി, അറബനമുട്ട്, നാടകം എന്നിവയുണ്ടാകും.
ജനുവരി 28 മൂന്നാം ദിനം ഫോക്ക് ലോർ അക്കാഡമി ചെയർമാൻ ഡോ: കോയ കാപ്പാട് മുഖ്യാതിഥിയാവും. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷം വഹിക്കും. പ്രശസ്ത ഗായകൻ അലോഷിയുടെ ഗാനാലാപനവും ഉണ്ടായിരിക്കും.