മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് സുരക്ഷ ശക്തമാക്കി
ശബരിമല: മകരവിളക്കിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ സന്നിധാനത്ത് സുരക്ഷ ശക്തമാക്കി. തീര്‍ത്ഥാടകരെ നിയന്ത്രിക്കാന്‍ 2,500 പൊലീസുകാരെയാണ് സന്നിധാനത്തും പരിസരത്തും വിന്യസിച്ചിട്ടുള്ളത്. അയ്യപ്പന്മാര്‍ക്ക് സഹായവുമായി പുതുതായി 350 ജീവനക്കാരെ കൂടി ദേവസ്വം ബോര്‍ഡ് നിയോഗിച്ചിട്ടുണ്ട്.
മകരജ്യോതി ദര്‍ശിക്കാന്‍ വേണ്ടി ഭക്തർ സന്നിധാനത്ത് ടെന്റുകള്‍ കെട്ടി താമസം തുടങ്ങി. സന്നിധാനത്ത് തുടരുന്നവരെ നിര്‍ബന്ധപൂര്‍വ്വം തിരിച്ചയയ്ക്കേണ്ടെന്നാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അതേസമയം, കഴിഞ്ഞ ദിവസം ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായത്.
ഭക്തിക്കൊപ്പം സൗഹൃദവും ഇഴചേരുന്ന പ്രസിദ്ധമായ എരുമേലി പേട്ടതുള്ളല്‍ ഇന്ന് നടക്കും. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘമാണ് ആദ്യം പേട്ടതുള്ളുന്നത്. പേട്ടധര്‍മശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പന്റെ സ്വര്‍ണത്തിടമ്പ് പൂജിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് മുന്‍പ് ആകാശത്ത് പരുന്തിനെ കാണുമ്പോള്‍ പേട്ടശാസ്താ ക്ഷേത്രത്തില്‍ നിന്നും പേട്ടതുള്ളല്‍ തുടങ്ങും.
ക്ഷേത്രത്തില്‍നിന്നും പേട്ടതുള്ളി മസ്ജിദില്‍ എത്തുന്ന അമ്പലപ്പുഴ സംഘത്തെ ജമാഅത്ത് കമ്മിറ്റി പ്രതിനിധികള്‍ സ്വീകരിക്കും. രണ്ടുമണിയോടെ പേട്ടതുള്ളല്‍ സമാപിക്കും. മൂന്നുമണിയോടെ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളല്‍ പേട്ടശാസ്താ ക്ഷേത്രത്തില്‍നിന്ന് തുടങ്ങും.