KERALA

തൃശ്ശൂര്‍ പൂരം പ്രതിസന്ധിക്ക് മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ പരിഹാരം

തൃശൂര്‍: തൃശ്ശൂര്‍ പൂരം പ്രതിസന്ധിക്ക് മുഖ്യമന്ത്രി വിളിച്ചയോഗത്തില്‍ പരിഹാരമായി. പൂരം എക്‌സിബിഷന്‍ തറവാടക 2023-ലെ തല്‍സ്ഥിതി തുടരണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതോടെയാണ് പ്രതിസന്ധി ഒഴിവായത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ്‌ മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്. കൂടാതെ മുന്‍ധാരണ പ്രകാരമുള്ള എട്ടുശതമാനം വര്‍ധനവും തറവാടകയിനത്തില്‍ ഉണ്ടാകും.

പൂരം നടത്തിപ്പിലെ ചെലവുകള്‍ വഹിക്കാനായി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ എക്‌സിബിഷനുകള്‍ നടത്താറുണ്ട്. എക്‌സിബിഷന്‍ നടത്തുന്നത് കൊച്ചിന്‍ ദേവസ്വത്തിന്റെ സ്ഥലത്താണ്. ഈ സ്ഥലത്തിന് തറവാടകയായി കഴിഞ്ഞവര്‍ഷം 42 ലക്ഷം രൂപയാണ് നല്‍കിയത്. എന്നാല്‍ ഇത്തവണ ഇത് ഒരു ചതുരശ്ര അടിയ്ക്ക് രണ്ടുരൂപ എന്ന നിരക്കില്‍ നിശ്ചയിച്ചു. ഇതോടെ തറവാടകയായി രണ്ട് കോടിയിലേറെ രൂപ നല്‍കേണ്ട സ്ഥിതി വന്നു.

തുടര്‍ന്ന് ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൂരം പ്രതിസന്ധിയിലാവുകയായിരുന്നു. പൂരം നടത്തിപ്പുതന്നെ തങ്ങള്‍ ഉപേക്ഷിക്കുമെന്ന് ദേവസ്വങ്ങള്‍ പറയുന്ന രീതിയിലേക്ക് കാര്യങ്ങളെത്തിയ ഘട്ടത്തില്‍ ദേവസ്വം മന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ടതും പ്രശ്‌നപരിഹാരത്തിനായി യോഗം വിളിച്ചതും.
മുഖ്യമന്ത്രിയുടെ ഇടപെടലില്‍ ഇരുദേവസ്വം ബോര്‍ഡും നന്ദിയറിയിച്ചു. പൂരം മികച്ചരീതിയില്‍ നടത്തുമെന്നും ദേവസ്വങ്ങള്‍ അറിയിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button