‘സ്വയംപ്രഖ്യാപിത അന്താരാഷ്ട്ര കവി പ്രതികാരം ചെയ്യുന്നു’; സച്ചിദാനന്ദനെതിരെ ശ്രീകുമാരന്‍ തമ്പി

തൃശൂര്‍: കേരള ഗാന വിവാദത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദനെ തുറന്നടിച്ച് ശ്രീകുമാരന്‍ തമ്പി. തന്നോടുള്ള പ്രതികാരം തീര്‍ക്കാനായി മാര്‍ക്സിസത്തെ ഉപയോഗിക്കുകയാണ് സച്ചിദാനന്ദന്‍ എന്ന് അദ്ദേഹം പറഞ്ഞു. സച്ചിദാനന്ദന്‍ സ്വയം പ്രഖ്യാപിത ‘അന്താരാഷ്ട്ര കവി’ ആണെന്ന് അദ്ദേഹം പരിഹസിച്ചു.

‘ഞാന്‍ എന്തെഴുതിയാലും ക്ലീഷേ എന്നാണ് സച്ചിദാനന്ദന്‍ പറയുന്നത്. പക്ഷേ ജനങ്ങള്‍ അങ്ങനെ പറയുന്നില്ല. സച്ചിദാനന്ദന്‍ അങ്ങനെ പറയുന്നതിന് പല കാരണങ്ങളുണ്ട്. അദ്ദേഹത്തിന് പാട്ടെഴുതണമെന്ന് വലിയ ആഗ്രഹമാണ്. ഒരു പാട്ടെഴുതി ഉമ്പായിയുടെ പിറകെ നടന്ന് അദ്ദേഹത്തെ കൊണ്ട് പാടിച്ച് ആസ്വദിച്ചയാളാണ്. അപ്പൊ, ഏതുഭാഗത്ത് തിരിഞ്ഞാലും ശ്രീകുമാരന്‍ തമ്പിയുടെ പാട്ടിങ്ങനെ കാതില്‍ കേള്‍ക്കുമ്പോള്‍ അദ്ദേഹത്തിന് ദുഃഖം വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സിനിമയ്ക്ക് പാട്ടെഴുതാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടാന്‍ ആരാണ് ആഗ്രഹിക്കാത്തത്? എന്റെ വരികള്‍ കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ഏറ്റുപാടുന്നുണ്ട്. സച്ചിദാനന്ദന്റെ ഏതെങ്കിലും നാല് വരികള്‍ 50 കൊല്ലം കഴിഞ്ഞ് ആരെങ്കിലും ഓര്‍മ്മിച്ച് പാടുമോ?’ -അദ്ദേഹം ചോദിച്ചു.

സാഹിത്യ അക്കാദമി സെക്രട്ടറി സെക്രട്ടറി അബൂബക്കറും പ്രസിഡന്റായ സച്ചിദാനന്ദനും തമ്മില്‍ രമ്യതയിലല്ല എന്ന് ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കി. എന്റെ പാട്ട് സ്വീകരിച്ചില്ല എന്ന് എന്നെ അറിയിക്കേണ്ടത് അബൂബക്കറിന്റെ കടമയാണ്, അദ്ദേഹമത് ചെയ്തില്ല എന്നാണ് സച്ചിദാനന്ദന്‍ പറഞ്ഞത്. സച്ചിദാനന്ദന്‍ അബൂബക്കറെ കുറ്റം പറഞ്ഞിരിക്കുകയാണ്. അവര് തമ്മില്‍ ചര്‍ച്ച നടത്തുന്നില്ല എന്നല്ലേ അതിന്റെ അര്‍ഥം.’ -തമ്പി പറഞ്ഞു.

‘കേരള ഗാനം എഴുതണമെന്ന് കേരള സര്‍ക്കാര്‍ എന്നോട് പറയുമ്പോള്‍ സഖാവ് പിണറായി വിജയന് വേണ്ടിയോ സഖാവ് സജി ചെറിയാന് വേണ്ടിയോ അല്ല ഞാനത് എഴുതുന്നത്. കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടിയാണ് ഞാനെഴുതിയത്. ആദ്യവരികള്‍ മാറ്റിയാല്‍ നന്നായിരിക്കുമെന്ന് അബൂബക്കര്‍ എന്നോട് പറഞ്ഞപ്പോള്‍, ‘താങ്കള്‍ എത്രയോ മനോഹരഗാനങ്ങള്‍ എഴുതിയിട്ടുണ്ട്, ഇത് താങ്കള്‍ക്ക് എഴുതാന്‍ കഴിയും’ എന്ന് സച്ചിദാനന്ദന്‍ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. അങ്ങനെ പറഞ്ഞയാളാണ് ഞാനെഴുതിയത് ക്ലീഷേ ആണെന്ന് പറയുന്നത്.

അതിനിടെ ശ്രീകുമാരന്‍ തമ്പിയെ നേരിട്ട് കണ്ട് സംസാരിക്കുമെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നേരത്തെ പറഞ്ഞത്. വസ്തുതകള്‍ മനസിലാക്കി പ്രശ്‌നം പരിഹരിക്കും. അദ്ദേഹം പറഞ്ഞപ്പോള്‍ മാത്രമാണ് പ്രശ്‌നത്തെ കുറിച്ച് അറിഞ്ഞതെന്നും ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി പറഞ്ഞു.

Comments
error: Content is protected !!