മൈഗ്രേയ്ൻ വരാതിരിക്കാൻ പതിവായി ശ്രദ്ധിക്കേണ്ടത്…
മൈഗ്രേയ്ൻ എന്നാലെന്താണെന്നത് ഇന്ന് കുറെ പേര്‍ക്കെല്ലാം അറിയാവുന്നതാണ്. മൈഗ്രേയ്ൻ ഒരു തരത്തിലുള്ള തലവേദനയാണ്. എന്നാല്‍ സാധാരണഗതിയില്‍ അനുഭവപ്പെടുന്ന തലവേദനകളില്‍ നിന്ന് വ്യത്യസ്തമായി കഠിനമായതും ദീര്‍ഘമായി നില്‍ക്കുന്നതുമായ തലവേദനയാണ് മൈഗ്രേയ്ന്‍റെ പ്രത്യേകത.
തലവേദന മാത്രമല്ല ഓക്കാനം, ചര്‍ദ്ദി, വെളിച്ചം കാണാനാകാത്ത അവസ്ഥ എന്നിങ്ങനെയുള്ള അനുബന്ധപ്രശ്നങ്ങളും മൈഗ്രേയ്നെ തീവ്രമാക്കുന്നു. മൈഗ്രേയ്ൻ ഉള്ളവരില്‍ ഇടയ്ക്കിടെ ചില കാരണങ്ങള്‍ മൂലം ഇത് പുറത്തുവരികയാണ് ചെയ്യുന്നത്. എന്തെല്ലമാണ് ഇത്തരത്തില്‍ മൈഗ്രേയ്നിലേക്ക് നയിക്കുന്നത് എന്ന് കണ്ടെത്തി കരുതലോടെ മുന്നോട്ട് പോയെങ്കിലേ മൈഗ്രേയ്നില്‍ നിന്ന് രക്ഷ നേടാൻ സാധിക്കൂ.മൈഗ്രേയ്നിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അടങ്ങുന്നുണ്ട്. ഇതെക്കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഭക്ഷണത്തിലെ ചില പോരായ്കകള്‍- അല്ലെങ്കില്‍ അശ്രദ്ധകള്‍ മൈഗ്രേയ്നിലേക്ക് നയിക്കുമെന്നാണെങ്കില്‍ ഇവയെ നിയന്ത്രിക്കണമല്ലോ. ഇങ്ങനെ ഡയറ്റില്‍ നിയന്ത്രിക്കേണ്ട കാര്യങ്ങളാണിവ…
ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍…
ചില ഭക്ഷണങ്ങളോ വിഭവങ്ങളോ എല്ലാം മൈഗ്രേയ്നിലേക്ക് നയിക്കാം. എല്ലാ സന്ദര്‍ഭങ്ങളിലും ഉണ്ടാകണമെന്നില്ലെങ്കില്‍ കൂടിയും ഇവ ഭീഷണി ഉയര്‍ത്താറുണ്ട്. കാപ്പി, ചീസ്, മദ്യം, ഗോതമ്പ്, പാലുത്പന്നങ്ങള്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ഇവയിലുള്ള ‘ടിരാമിൻ’ എന്ന അമിനോ ആസിഡ് ആണത്രേ മൈഗ്രേയ്ന് കാരണമാകുന്നത്. ഇവ കഴിച്ചതിന് പിന്നാലെ മൈഗ്രേയ്ൻ ഉണ്ടാകുന്നുവെങ്കില്‍ പിന്നീട് ഇതില്‍ ശ്രദ്ധ പുലര്‍ത്തുക.
ദഹനം…
ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടന്നെങ്കില്‍ മാത്രമേ നമ്മുടെ ആരോഗ്യം ഭദ്രമാകൂ. അല്ലെങ്കില്‍ പലവിധത്തിലുള്ള പ്രയാസങ്ങളും അസുഖങ്ങളുമെല്ലാം നാം നേരിടാം. ഇത്തരത്തില്‍ ദഹനമില്ലായ്മ മൈഗ്രേയ്നിലേക്കും നയിക്കാം. ഇഅതിനാല്‍ മൈഗ്രേയ്ൻ പ്രശ്നമുള്ളവര്‍ എപ്പോഴും ദഹനത്തിനും പ്രാധാന്യം നല്‍കണം.
ഭക്ഷണം ഒഴിവാക്കുന്നത്…
ദിവസത്തില്‍ മൂന്നോ നാലോ നേരമാണ് നമ്മള്‍ പ്രധാനഭക്ഷണം കഴിക്കുന്നത്. ഇതിലേതെങ്കിലുമൊരു നേരം ഭക്ഷണം കഴിക്കാതിരുന്നാല്‍ അതും മൈഗ്രേയ്നിലേക്ക് നയിക്കാം. അതിനാല്‍ മൈഗ്രേയ്നുള്ളവര്‍ ഭക്ഷണം ഒഴിവാക്കാതിരിക്കാനും ശ്രദ്ധിക്കുക.
മഗ്നീഷ്യം…
ചില പോഷകങ്ങളുടെ കുറവും മൈഗ്രേയ്നിലേക്ക് നയിക്കാം. മഗ്നീഷ്യം അത്തരത്തിലൊരു ഘടകമാണ്. അതിനാല്‍ മഗ്നീഷ്യം ആവശ്യത്തിന് ഭക്ഷണത്തിലൂടെ ഉറപ്പാക്കിയിരിക്കണം.