മത്സരപരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു
തിരുവനന്തപുരം: മത്സരപരിശീലന കേന്ദ്രങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറപ്പെടുവിച്ചു. കോച്ചിങ് സെന്ററുകളെ നിയമപരമായ ചട്ടക്കൂടിന്റെ പരിധിയില്‍ കൊണ്ടു വരുന്നതിനും, വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാതെ കൂണുകള്‍ പോലെ സ്വകാര്യ കോച്ചിങ് സെന്റുകള്‍ ആരംഭിക്കുന്നത് തടയിടുകയും ലക്ഷ്യമിട്ടാണ് പുതിയ മാര്‍ഗരേഖ കൊണ്ടു വന്നിട്ടുള്ളത്.
16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കോച്ചിങ് സെന്ററുകളില്‍ പ്രവേശനം നല്‍കാൻ പാടില്ല. എല്ലാ കേന്ദ്രങ്ങളിലും കൗണ്‍സലിങ് സേവനം ഉറപ്പാക്കണം. കോച്ചിങ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. തെറ്റായ വാദ്ഗാനങ്ങളോ, മത്സരപരീക്ഷകളില്‍ ഉയര്‍ന്ന റാങ്കോ മാര്‍ക്കോ ഗ്യാരണ്ടി നല്‍കരുത്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്തും. കൂടാതെ സ്ഥാപനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.
കോച്ചിങ് സെന്ററുകളില്‍ വിദഗ്ധരായ അധ്യാപകരെ നിയമിക്കണം. സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞവര്‍ക്ക് മാത്രമേ കോച്ചിങ് സെന്ററുകളില്‍ പ്രവേശനം നല്‍കാവൂ. തെറ്റായ വാഗ്ദാനങ്ങളുള്ള പരസ്യങ്ങള്‍ നല്‍കി വിദ്യാര്‍ത്ഥികളെ ചേര്‍ക്കരുത് എന്നും മാര്‍ഗരേഖയില്‍ പറയുന്നു.