KERALA

ക്യാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി

കൊച്ചി: ക്യാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. വിദ്യാര്‍ഥി സംഘടനകള്‍ക്ക് അടിയന്തിര നോട്ടീസ് അയക്കാനും ഉത്തരവായി.

വിദ്യാര്‍ഥി സംഘടനകളുടെ നിയമലംഘന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാൻ കഴിയില്ലെങ്കില്‍ അവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എന്‍ പ്രകാശ് എന്നയാളാണ് ഹര്‍ജി നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട വിവിധ കോടതി ഉത്തരവുകള്‍ നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാര്‍ഥി സംഘടനകളെ നിയന്ത്രിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുണ്ടാക്കാന്‍ 2004 ല്‍ കോടതി ഉത്തവിട്ടിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയപ്പെട്ടു. ക്യാമ്പസിലെ വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സര്‍ക്കാരടക്കം പരാജയപ്പെട്ടതിനാലാണ് എറണാകുളം മഹാരാജാസ് അടക്കം കോളജുകളില്‍ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്.

ഇക്കാര്യത്തില്‍ നടപടിയെടുക്കാന്‍ സര്‍വകലാശാലകളും പരാജയപ്പെട്ടതിനാലാണ് ക്യാമ്പസുകളില്‍ അച്ചടക്ക രാഹിത്യം നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലടക്കം വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിക്കാനും മഹാരാജാസ് കോളജിലുണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ഉത്തരവിടണമെന്നാണ് ഹര്‍ജിക്കാരൻ്റെ ആവശ്യം.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button