നവകേരളാ സദസ് നടത്തിപ്പിനായി ജില്ലാകളക്ടര്‍മാര്‍ പരസ്യ വരുമാനത്തിലൂടെ ചെലവ് കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: നവകേരളാ സദസ് നടത്തിപ്പിനു വേണ്ടി ജില്ലാ കളക്ടര്‍മാര്‍ പരസ്യവരുമാനത്തിലൂടെ ചെലവ് കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പണം ശേഖരിക്കുന്നതിനും കണക്കില്‍പ്പെടുത്തുന്നതിനും മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്. പത്തനംതിട്ട സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. അടുത്ത ദിവസം ഹൈക്കോടതി വീണ്ടും ഹര്‍ജി പരിഗണിച്ചേക്കും.

അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് സർക്കാർ ഉത്തരവെന്നായിരുന്നു ഹര്‍ജിയിലെ വാദം. ഐ എ എസ് ദ്യോഗസ്ഥരും, സര്‍ക്കാര്‍ ജീവനക്കാരും നവകേരളാ സദസിന്‍റെ ഭാഗമാകുന്നത് വിലക്കണം, സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ജില്ലാ കളക്ടര്‍മാര്‍ നവകേരള സദസ് നടത്തുന്നതിനുള്ള ചെലവ് കണ്ടെത്തണമെന്ന സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നായിരുന്നു  ഹരജിക്കാരൻ്റെ ആവശ്യങ്ങൾ.
അഖിലേന്ത്യാ സര്‍വീസ് ചട്ടപ്രകാരം ജില്ലാ കളക്ടര്‍മാര്‍ പാരിതോഷികങ്ങള്‍ കൈപ്പറ്റാന്‍ പാടില്ലെന്നും സര്‍ക്കാരിന്‍റെ ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.  സർക്കാരിന്‍റെ മുൻകൂർ അനുമതിയില്ലാത്ത പരിപാടികൾക്കാണെങ്കിൽ കൂടി പണം കണ്ടെത്താന്‍ പാടില്ലെന്നും സർക്കാരിറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിച്ചു.
Comments
error: Content is protected !!