കാനഡ, ഇസ്രായേൽ, യൂറോപ്പ് രാജ്യങ്ങളിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റുകള്‍ സജീവം ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം
തിരുവനന്തപുരം: കാനഡ, ഇസ്രായേൽ, യൂറോപ്പ് രാജ്യങ്ങളിലേയ്ക്ക് വ്യാജ റിക്രൂട്ട്മെന്റുകള്‍ സജീവമായതോടെ ജാഗ്രതാ നിർദേശവുമായി വിദേശകാര്യ മന്ത്രാലയം. കാനഡ, ഇസ്രായേൽ, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി വ്യാജറിക്രൂട്ട്മെന്റ് ഏജന്റുമാർ തൊഴിലന്വേഷകരെ വഞ്ചിക്കുന്നതായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം ഏജന്റ് നൽകുന്ന സേവനങ്ങൾക്ക് 30,000 രൂപ+GST(18%)യിൽ കൂടുതൽ പ്രതിഫലമായി ഈടാക്കുവാൻ പാടുള്ളതല്ല. ഇതിന് രസീത് നല്‍കേണ്ടതാണ്. അനധികൃത റിക്രൂട്ട്മെന്റുകള്‍ മനുഷ്യകടത്തിനു തുല്യവും ക്രിമിനൽ കുറ്റമാണ്.
വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരായ പരാതികൾക്കും അന്വേഷണങ്ങൾക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ തിരുവനന്തപുരത്തും (ഫോൺ :0471-2336625 ഇ-മെയിൽ : poetvm@mea.gov.in) കൊച്ചിയിലുമുളള ( ഫോൺ: 0484-2315400 ഇ-മെയിൽ poecochin@mea.gov.in) പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്സ് ഓഫീസുകളുമായി ബന്ധപ്പെടാവുന്നതാണ്. പരാതി നല്‍കാന്‍ ഓപ്പറേഷന്‍ ശുഭയാത്ര പദ്ധതിയും സംസ്ഥാനത്ത് നിലവിലുണ്ട്. പരാതികള്‍ spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്നീ ഇ മെയിലുകള്‍ വഴിയും, 0471-2721547 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണെന്നും അറിയിച്ചു.