മരട്‌ ഫ്ലാറ്റ്‌ : ഒരാൾകൂടി മുൻകൂർ ജാമ്യം തേടി

കൊച്ചി: മരട്‌ ഫ്ലാറ്റ്‌ നിർമാണ തട്ടിപ്പു കേസിൽ ക്രൈംബ്രാഞ്ച്‌ പ്രതിചേർത്ത ഒരാൾകൂടി മുൻകൂർ ജാമ്യം തേടി. ജയിൻ കോറൽ ഫ്ലാറ്റിന്റെ മാർക്കറ്റിങ്‌ മാനേജരായിരുന്ന തലശേരി സ്വദേശി നവീനാണ്‌ ജില്ലാ കോടതിയിൽ ഹർജി നൽകിയത്‌. ഹർജിയിൽ കോടതി ക്രൈംബ്രാഞ്ചിന്റെ വിശദീകരണം തേടി. ഇയാൾ നിലവിൽ മറ്റൊരു സ്ഥാപനത്തിലാണ്‌ ജോലി ചെയ്യുന്നത്‌.

 

ജയിൻ കോറൽ ഫ്ലാറ്റുകളുടെ വിൽപ്പന രേഖകൾ തയ്യാറാക്കിയതിൽ നവീന്‌ പ്രധാന പങ്കുണ്ടെന്ന്‌ കണ്ടെത്തിയാണ്‌ പ്രതിചേർത്തത്‌. ഇവിടെ ഫ്ലാറ്റ്‌ വങ്ങിയവരാരും സ്വന്തം പേരിൽ ഉമസ്ഥാവകാശം രജിസ്‌റ്റർ ചെയ്‌തിരുന്നില്ല. ഇതിനുപിന്നിൽ നിയമവിരുദ്ധമായ സാമ്പത്തിക ഇടപാടുകൾ നടന്നതായും അന്വേഷണസംഘം സംശയിക്കുന്നുണ്ട്‌.
അതേസമയം ഫ്ലാറ്റ്‌ നിർമാണ ക്രമക്കേടിൽ രജിസ്‌റ്റർ ചെയ്‌ത മൂന്നു കേസിലും പ്രതിചേർത്ത മരട്‌ പഞ്ചായത്ത്‌ മുൻ യുഡി ക്ലർക്ക്‌ ജയറാം നായിക്‌ അന്വേഷണസംഘത്തെ ബന്ധപ്പെട്ടതായി സൂചനയുണ്ട്‌. നിലവിൽ അരൂർ പഞ്ചായത്ത്‌ സെക്രട്ടറിയായ ഇയാൾ മുൻകൂർ ജാമ്യം തേടാതെ ഒളിവിൽ പോകുകയായിരുന്നു.

 

താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥനായ ഇയാളെ മാപ്പുസാക്ഷിയാക്കി കൂടുതൽ തെളിവ്‌ ശേഖരിക്കാൻ അന്വേഷണസംഘം ആലോചിക്കുന്നതായും വിവരമുണ്ട്‌. കഴിഞ്ഞദിവസം മൂവാറ്റുപുഴ വിജിലൻസ്‌ കോടതിയിൽ കീഴടങ്ങിയ ആൽഫ വെഞ്ച്വേഴ്‌സ്‌ ഉടമ ജെ പോൾ രാജിനെ കസ്‌റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട്‌ തിങ്കളാഴ്‌ച അപേക്ഷ നൽകും.

 

കേസിൽ മരട്‌ പഞ്ചായത്ത്‌ മുൻ അംഗങ്ങളായ പി എസ്‌ സുഷൻ, പി ഡി രാജേഷ്‌ എന്നിവരുടെ മൊഴിയെടുത്തു. പഞ്ചായത്ത്‌ അംഗങ്ങളുടെ മൊഴിയെടുക്കൽ അടുത്തദിവസങ്ങളിലും തുടരും. ഇതിനുശേഷം 2010–-15 കാലയളവിലെ മുനിസിപ്പൽ അംഗങ്ങളുടെയും മൊഴിയെടുക്കും.
Comments

COMMENTS

error: Content is protected !!