സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചു

തിരുവനന്തപുരം:ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി രോഗനിര്‍ണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടം ആരംഭിച്ചു. സ്‌ക്രീനിംഗിനായുള്ള ശൈലി 2.0 ആപ്പിന്റെ ലോഞ്ചിംഗ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

ചടങ്ങിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി എ പി എം  മുഹമ്മദ് ഹനീഷ്, എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ജീവന്‍ ബാബു, ഇ ഹെൽത്ത് പ്രോജക്ട് ഡയറക്ടര്‍ അനുകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ ജെ റീന, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടർമാർ, മറ്റ് സീനിയര്‍ ഉദ്യോഗസ്ഥര്‍, എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കല്‍ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ ജില്ലകളിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ജനകീയ പങ്കാളിത്തത്തോടെയായിരിക്കും രണ്ടാംഘട്ടം നടപ്പിലാക്കുക. ഇ ഹെല്‍ത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാപ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. ശൈലി രണ്ടില്‍ കുടുതല്‍ രോഗങ്ങളുടെ സ്‌ക്രീനിംഗ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും. സംസ്ഥാനത്തെ 30 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീന്‍ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ആദ്യഘട്ടത്തില്‍ 30 വയസിന് മുകളില്‍ ലക്ഷ്യം വെച്ചവരില്‍ ഭൂരിപക്ഷം ആളുകളുടേയും സ്‌ക്രീനിംഗ് പൂര്‍ത്തിയായ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഒന്നാം ഘട്ട സ്‌ക്രീനിംഗില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയ എല്ലാവരേയും ഉള്‍ക്കൊള്ളിച്ച് രണ്ടാം ഘട്ടത്തില്‍ 100 ശതമാനവും പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. പോപ്പുലേഷന്‍ സ്‌ക്രീനിംഗ് മാത്രമല്ല പരിശോധനകളും തുടര്‍ ചികിത്സയും ഉറപ്പാക്കും.

Comments
error: Content is protected !!