വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം
വടകര : വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കൊയിലാണ്ടി സ്വദേശിയാകാം മരിച്ചതെന്ന സൂചനകൾ ലഭിച്ചത്. ഇയാളെ കുറിച്ച് അന്വേഷണം നടത്തിയ പൊലീസ് ബന്ധുക്കളിൽ നിന്ന് മൊഴി ശേഖരിച്ചിട്ടുണ്ട്.
കഴിഞ്ഞ ആറു മാസമായി കൊയിലാണ്ടി സ്വദേശിയെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിന് പുറത്ത് യാത്ര നടത്തുന്ന ആളാണ്. യാത്രക്ക് ശേഷം തിരിച്ചു വരുന്നതിനാൽ കാണാതായത് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നില്ല. പോസ്റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ട് എന്നിവ ലഭിച്ചാൽ മാത്രമേ മൃതദേഹാവശിഷ്ടങ്ങൾ ആരുടേതെന്ന് അന്തിമ തീരുമാനത്തിൽ എത്താൻ സാധിക്കൂവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
മുമ്പ് ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന ഈ കടമുറികള്‍ ഒരു വര്‍ഷമായി അടച്ചിട്ട നിലയിലായിരുന്നു. രണ്ട് വര്‍ഷം മുമ്പ് കുന്നുമ്മക്കര സ്വദേശി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയതാണ് കെട്ടിടം.