അരിക്കുളം എൽ പി സ്കൂൾ വിദ്യാർത്ഥികളുടെ ജീവൻ അപകടപ്പെടുത്തുന്ന നിലപാട് സ്കൂൾ മാനേജ്മെന്റ് ഉപേക്ഷിക്കണം; ആക്‌ഷൻ കമ്മറ്റി.

അരിക്കുളം എൽ പി സ്കൂളിലെ കുട്ടികൾക്ക് പുതിയ അധ്യയനവർഷം സുരക്ഷിതമായ കെട്ടിടത്തിൽ പഠിക്കാൻ സൗകര്യമൊരുക്കുന്നതിനുവേണ്ടി സർക്കാർ തലത്തിൽ ഇടപെടാൻ ആക്ഷൻ കമ്മിറ്റി പ്രവർത്തകസമിതി ഒരു പ്രമേയത്തിലൂടെ ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെട്ടു. നിലവിലുള്ള കെട്ടിടം സുരക്ഷിതമാണോ എന്നറിയാൻ ശാസ്ത്രീയമായ പരിശോധനകൾ നടത്താതെ കുട്ടികളെ ആ കെട്ടിടത്തിൽ പഠിപ്പിക്കാൻ കഴിയില്ലെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പി ടി എ പ്രതിനിധികളും ഉൾപ്പെട്ട യോഗം നേരത്തെ തീരുമാനിച്ചിരുന്നു.

എൻ ഐ ടി യിൽ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവന്നു ശരിയായ രീതിയിൽ പരിശോധന നടത്താതെ ആരെങ്കിലും നൽകിയ സാക്ഷ്യപത്രം അംഗീകരിക്കാനാവില്ല. കുട്ടികളുടെ ജീവൻ കൊണ്ട് പന്താടാൻ അനുവദിക്കില്ല. അതിനാൽ അടിയന്തിരമായി ശാസ്ത്രീയ പരിശോധനയും ആവശ്യമായ സൗകര്യമൊരുക്കലും ഉണ്ടാകേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പ് അധികാരികളെ കാണാനും ഉടനടി പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെടാനും ആക്‌ഷൻ കമ്മറ്റി തീരുമാനിച്ചു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ നിയമ പോരാട്ടം നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഒ കെ ചന്ദ്രൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ എം സുഗതൻ, ബി കെ പ്രവീൺ കുമാർ, യു മധുസൂദനൻ, പി എം രാജൻ, ഇ രാജൻ, സി രാധ,ശരത് ലാൽ, യു ആർ അമൽരാജ് , വി ബഷീർ, എം എം അംജിത്ത്‌,എൻ വി എം സിദിൻ എന്നിവർ സംസാരിച്ചു. സി പ്രഭാകരൻ സ്വാഗതം പറഞ്ഞു.

Comments
error: Content is protected !!