തൊണ്ടയാട് പുതിയ മേല്‍പ്പാലം മാര്‍ച്ചില്‍ തുറക്കും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട് : തൊണ്ടയാട് പുതിയ മേല്‍പ്പാലം പണിതീര്‍ത്ത് മാര്‍ച്ച് ആദ്യം നാടിന് സമര്‍പ്പിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദേശീയപാത 66 ലെ പ്രവൃത്തി പുരോഗതി വിലയിരുത്താനായി മന്ത്രിയുടെ നേതൃത്വത്തില്‍ തൊണ്ടയാട് ഫ്ളൈ ഓവര്‍ സന്ദര്‍ശനത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ദേശീയപാത 66. ദേശീയപാതയുടെ നിര്‍മാണ പ്രവൃത്തിയില്‍ തടസ്സങ്ങളുള്ളത് നീക്കാന്‍ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു. നാളെ (ജനുവരി 23) മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തടസ്സങ്ങള്‍ സംബന്ധിച്ച് വിലയിരുത്തല്‍ യോഗം ചേരും. കോഴിക്കോട് ബൈപ്പാസിന്റെ 58 ശതമാനം പണി പൂര്‍ത്തീകരിച്ചു. 2025 ലെ പുതുവത്സര സമ്മാനമായി കോഴിക്കോട് ബൈപ്പാസ് തുറന്നുകൊടുക്കുമെന്നും മന്ത്രി പറഞ്ഞു.
വെങ്ങളം-രാമനാട്ടുകര ബൈപ്പാസിന്റെ പ്രവൃത്തി വേഗത്തില്‍ തീർക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. വെങ്ങളം -രാമനാട്ടുകര- കോഴിക്കോട് ബൈപ്പാസ് 60 ശതമാനം പണി പൂര്‍ത്തീയായി. രാമനാട്ടുകര ഫ്‌ളൈ ഓവര്‍ മാര്‍ച്ച് ആദ്യം തുറന്നുകൊടുക്കും. പാലോളി, മൂരാട് പാലങ്ങളും വേഗത്തില്‍ പണി പൂര്‍ത്തീകരിച്ച് തുറന്നുകൊടുക്കുമെന്ന് മന്ത്രി പറഞ്ഞു.