KERALA

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സപ്ലൈകോ മദ്യവിൽപ്പനയ്ക്ക് അനുമതി തേടി

തിരുവനന്തപുരം: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ  മദ്യവിൽപ്പനയ്ക്ക് അനുമതി തേടി സപ്ലൈകോ. ഈ ആവശ്യവുമായി സപ്ലൈകോ എംഡി സർക്കാരിനെ സമീപിച്ചു. മദ്യ വില്പന തുടങ്ങിയാൽ സാമ്പത്തിക പ്രതിസന്ധിക്ക്‌ പരിഹാരം ആകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. സപ്ലൈകോയുടെ ആവശ്യത്തെ ഭക്ഷ്യവകുപ്പും പിന്തുണയ്ക്കുന്നുണ്ട്. ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ വകുപ്പുകൾ തമ്മിൽ ചർച്ചകൾ തുടങ്ങി.

ക്രിസ്തുമസ് പുതുവത്സര വിപണിയില്‍ ഇടപെടാന്‍ ആകാത്ത വിധം സപ്ലൈകോയെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സപ്ലൈകോ പ്രതിസന്ധി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വീണ്ടും മന്ത്രിസഭയില്‍ ഉന്നയിച്ചു. നിലവിലെ സാഹചര്യത്തില്‍ ക്രിസ്തുമസ് ഫെയര്‍ നടത്താനാവില്ലെന്ന് ഭക്ഷ്യമന്ത്രി പറയുന്നു. എന്നാൽ ക്രിസ്തുമസ് ഫെയര്‍ മുടങ്ങരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സപ്ലൈകോയിൽ ഓണക്കാലത്ത് തുടങ്ങിയ പ്രതിസന്ധി ക്രിസ്തുമസ് അടുത്തിട്ടും തീരാത്ത സാഹചര്യമാണ്. സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകളിലെയും റാക്കുകള്‍ കാലിയാണ്. സാധനങ്ങളുടെ ടെന്‍ഡര്‍ എടുക്കാന്‍ വിതരണക്കാര്‍ എത്തുന്നില്ലെന്നാണ് സപ്ലൈകോ ജീവനക്കാര്‍ പറയുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button