ജൈക്ക കുടിവെള്ളപദ്ധതി വേഗത്തിലാക്കണം: ജപ്പാൻ സംഘം

കോഴിക്കോട്‌   :ജപ്പാൻ കുടിവെള്ള പദ്ധതി വേഗത്തിൽ പൂർത്തീകരിക്കണമെന്ന്‌ ജപ്പാൻ ഇന്റർനാഷണൽ കോ ഓപ്പറേഷൻ ഏജൻസി (ജൈക്കാ) മിഷൻ സംഘം അറിയിച്ചു. കുടിവെള്ളം വിതരണ പദ്ധതികൾ അവലോകനംചെയ്യാനെത്തിയ    കരോയ്‌ ഹോണ്ട, മറ്റ്രാണ, വിനീത്‌ എസ്‌ സരിൻ എന്നിവരാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. സംഘം ചൊവ്വാഴ്‌ച തിരുവനന്തപുരത്ത്‌ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
 പെരുവണ്ണാമൂഴി പൊന്മലക്കുന്നിലെ ജലശുദ്ധീകരണ ശാലയും പൈപ്പിടൽ പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളും സന്ദർശിച്ചു. കുടിവെള്ള പദ്ധതി അനന്തമായി നീണ്ടുപോകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. നഗരങ്ങളിലെ പൈപ്പിടൽ  സംബന്ധിച്ച പ്രശ്‌നങ്ങൾ ജലവിഭവ വകുപ്പ്‌ അധികൃതർ അറിയിച്ചു.  ഇതു സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട്‌ സ്വകാര്യ വ്യക്തികളുമായുള്ള തർക്കം പരിഹരിക്കണമെന്നും സംഘം നിർദേശിച്ചു.
 പെരുവണ്ണാമൂഴി പ്ലാന്റിന്റെ പ്രവർത്തനം ഏകോപിപ്പിക്കുന്ന സ്‌കാഡയുടെ പ്രവർത്തനം വിലയിരുത്തി. റിപ്പോർട്ട്‌ ജപ്പാൻ സർക്കാരിന്‌ സമർപ്പിക്കും.
സൂപ്രണ്ടിങ് എൻജിനിയർ സുരേഷ്‌കുമാർ, എക്‌സിക്യൂട്ടീവ്‌ എൻജിനിയർ പി ജമാൽ, അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ  നാരായണൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.  ജില്ലയിലെങ്ങും വെള്ളമെത്തിക്കാൻ ആരംഭിച്ച ജപ്പാൻ കുടിവെള്ള പദ്ധതി 2006ലാണ്‌ നിർമാണം ആരംഭിച്ചത്‌.
Comments

COMMENTS

error: Content is protected !!