കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാര്‍ക്ക് മര്‍ദനം. സൂപ്രണ്ട് ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് രാവിലെ എത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാരന് തടഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ച് യുവാവും സുരക്ഷാ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനുപിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്. സുരക്ഷാ ജീവനക്കാരില്‍ ഒരാളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. സിപിഎം പ്രവര്‍ത്തകരുള്‍പ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.
രോഗികളെ സന്ദര്‍ശിക്കാന്‍ എത്തിയവര്‍ക്കും മര്‍ദനമേറ്റു. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്ത്തകന് ഷംസുദ്ദീനെയും സംഘം അക്രമിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സൂപ്രണ്ടിനെ കാണാനെത്തിയ വനിതയോട് സുരക്ഷാ ജീവനക്കാര്‍ മോശമായി പെരുമാറിയെന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ജീവനക്കാര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ഹെല്‍മെറ്റും മാസ്കും ഉപയോഗിച്ച് മുഖം മറച്ചിരുന്നവരും അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്നതായാണ് ആരോപണം. ജീവനക്കാരുടെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് വിശദമായ മൊഴിയെടുത്തു. അതേസമയം, സുരക്ഷാ ജീവനക്കാര്‍ ജീവനക്കാരന് കൈയില്‍ കയറിപ്പിടിച്ചെന്ന് ആരോപിച്ച് സ്ത്രീയും പരാതി നല്‍കിയിട്ടുണ്ട്. രണ്ട് പരാതിയിലും മാധ്യമപ്രവര്‍ത്തകനെ മര്‍ദിച്ചതിലും കേസ് എടുക്കുമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.