ശബരിമല മകരവിളക്കിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാതീതമായി തുടരുന്നു
ശബരിമല: ശബരിമല മകരവിളക്കിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തീര്‍ത്ഥാടകരുടെ തിരക്ക് ക്രമാതീതമായി തുടരുന്നു. ശബരിമലയില്‍ ഇന്നലെ (തിങ്കൾ) 95000 പേര് ദര്‍ശനം നടത്തി. മണിക്കൂറില്‍ 4300 പേര് മലചവിട്ടുന്നു. മകരവിളക്ക് പ്രമാണിച്ച് ജനുവരി 13 ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രാസാദ ശുദ്ധിക്രിയകള്‍ നടക്കും. ജനുവരി 14 ന് ഉഷ പൂജക്ക് ശേഷം ബിംബശുദ്ധിക്രിയകളും നടക്കും. ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് നടതുറക്കും. 2.46 ന് മകരസംക്രമ പൂജയും നെയ്യഭിഷേകും നടക്കും.
തുടര്‍ന്ന് തിരുവാഭരണം സ്വീകരിക്കുന്നതിനുള്ള പുറപ്പെടല്‍ ചടങ്ങ് നടക്കും. വൈകീട്ട് 5.30 ന് ശരംകുത്തിയില്‍ തിരുവാഭരണ ഘോഷയാത്രയെ ആചാരപൂര്‍വ്വം സ്വീകരിക്കും. 6.15 ന് കൊടിമര ചുവട്ടില്‍ തിരുവാഭരണ പേടകത്തെ സ്വീകരിക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന 6.30 ന് നടക്കും. ശേഷം മകരവിളക്ക് – മകരജ്യോതി ദര്‍ശനം എന്നിവ നടക്കും.
ജനുവരി 15 ന് വൈകീട്ട് മണിമണ്ഡപത്തില്‍ കളമെഴുത്ത് ആരംഭിക്കും. 15, 16, 17, 18 തീയതികളില്‍ മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാംപടിക്ക് മുന്നിലേക്ക് അയ്യപ്പ സ്വാമിയുടെ എഴുന്നള്ളിപ്പും നായാട്ട് വിളിയും നടക്കും. 18-ാം തീയതി വരെ ഭക്തര്‍ക്ക് തിരുവാഭരണ ഭൂഷിതനായ അയ്യപ്പ സ്വാമിയെ ദര്‍ശിക്കാം. 19 വരെ മാത്രമേ തീര്‍ത്ഥാടകര്‍ക്ക് നെയ്യഭിഷേകം ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കുകയുള്ളൂ.
19 ന് മണിമണ്ഡപത്തില്‍ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത് നടക്കും. ജനുവരി 20 ന് രാത്രി 10 മണിക്ക് മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഗുരുതി നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21 ന് പുലര്‍ച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധി ശബരീശദര്‍ശനം നടത്തിയ ശേഷം ഹരിവരാസനം പാടി ശ്രീ കോവില്‍ നടയടക്കുന്നതോടെ തീർത്ഥാടന കാലം അവസാനിക്കും.