KERALA

സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവ് കാണിച്ചു യുവാവ് തൂങ്ങി മരിച്ചു

നിലമ്പൂര്‍: സാമൂഹ്യ മാധ്യമങ്ങളില്‍ ലൈവ് കാണിച്ചു യുവാവ് തൂങ്ങി മരിച്ചു. മുക്കട്ട അയ്യാര്‍പൊയില്‍ തൈക്കാടന്‍ അബ്ദു എന്ന കുഞ്ഞുട്ടിയുടെ മകന്‍ മുഹമ്മദ് ജാസിദ്(21) ആണ് വീട്ടില്‍ തൂങ്ങി മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ ചെയ്തത്. ലൈവ് കണ്ട സുഹൃത്തുക്കളും നാട്ടുകാരും ഉടന്‍ വീട്ടിലെത്തി വീട്ടുകാരെ വിവരം അറിയിച്ചു. വീട്ടുകാരും സുഹൃത്തുക്കളും നടത്തിയ തെരച്ചിലില്‍ വീടിന്റെ ടെറസിലെ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നിലമ്പൂര്‍ ജില്ലാ ആശുപത്രയിലെത്തിച്ചു. എന്നാല്‍ മരണം നേരത്തെ സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
ആറുമാസമായി എറണാകുളത്ത് മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ജാസിദ്. ഈ മാസം 31ന് സൗദിയിലേക്ക് പോകാനിരിക്കെയാണ് ആത്മഹത്യ ചെയ്തത്. ലൈവ് വീഡിയോയില്‍ പ്രണയവുമായി ബന്ധപ്പെട്ടുണ്ടായ ഭീഷണിയും ഇക്കാര്യത്തില്‍ പോലീസ് നിരന്തരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായും തനിക്ക് പറയാനുള്ളത് പോലീസ് കേള്‍ക്കാന്‍ തയാറായില്ലെന്നും പറയുന്നു.

നിലമ്പൂരിലുള്ള നാലുപേരാണ് തന്റെ മരണത്തിനു കാരണം എന്നു പറഞ്ഞ് ഇവരുടെ ഫോട്ടോ സഹിതം പോസ്റ്റ് ചെയ്താണ് ജാസിദ് തൂങ്ങി മരിച്ചത്. മരണവുമായി ബന്ധപ്പെട്ട് പിതാവും സഹോദരങ്ങളും നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍: മന്‍സൂര്‍, മെഹബൂബ്, ആഷിക്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button