ഇറാൻ ‘സൂപ്പർ ടാങ്കർ’ ബ്രിട്ടിഷ് കസ്റ്റഡിയിൽ; ബ്രിട്ടന്റെ കപ്പല്‍ പിടിക്കുമെന്ന് അന്ത്യശാസനം

ലണ്ടൻ/ടെഹ്റാൻ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പൽ വിട്ടുതന്നില്ലെങ്കിൽ അവരുടെ കപ്പലും പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. ബ്രിട്ടിഷ് അംബാസഡറെ വിളിച്ചുവരുത്തിയാണ് ഇറാൻ ഇക്കാര്യം അറിയിച്ചത്. എണ്ണക്കപ്പൽ വിട്ടുതന്നില്ലെങ്കിൽ ബ്രിട്ടിഷ് കപ്പൽ പിടിച്ചെടുക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഉപദേഷ്ടകന്മാരിൽ ഒരാളായ മൊഹ്‌സെൻ റെസായി പറഞ്ഞു.

 

വ്യാഴാഴ്ചയാണ് സിറിയയിലേക്ക് എണ്ണയുമായി പോയ ഇറാനിയൻ കപ്പലായ ഗ്രേസ് 1 (സൂപ്പർ ടാങ്കർ), ഗിബ്രാൾട്ടർ കടലിടുക്കിൽവച്ച് 30 ബ്രിട്ടിഷ് നാവികരും 42 കമാൻഡോകളും ചേർന്ന് പിടിച്ചെടുത്തത്. കപ്പൽ 14 ദിവത്തേയ്ക്കു തടഞ്ഞുവയ്ക്കാൻ ഗിബ്രാൾട്ടർ കോടതി ഉത്തരവിടുകയും ചെയ്തു. യൂറോപ്യൻ യൂണിയന്റെ ഉപരോധചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. യുറോപ്യൻ യൂണിയന്റെ വിലക്ക് നേരിടുന്ന രാജ്യമാണ് സിറിയ.

 

എന്നാൽ യുഎസ് സമ്മർദത്തെതുടർന്നാണ് ബ്രിട്ടന്റെ നടപടിയെന്നു ഇറാന്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കപ്പൽ പിടിച്ചെടുത്തതിൽ യുഎസ് ഇടപെടൽ ഉണ്ടെന്നു സംശയിക്കുന്നതായി സ്പെയിൻ വിദേശകാര്യ മന്ത്രി ജോസപ് ബോറലും പറഞ്ഞു. ഗിബ്രാൾട്ടറിൽ ബ്രിട്ടനുള്ള അവകാശം സ്പെയിൻ അംഗീകരിക്കുന്നില്ല. ഇതിനെത്തുടർന്നാണ് അവരുടെ പ്രതികരണം. എന്നാൽ ആരോപണം അസംബന്ധമാണെന്നു ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.

 

‘സന്തോഷകരമായ വാർത്ത’ എന്നു സംഭവത്തോടു വൈറ്റ് ഹൗസും പ്രതികരിച്ചു. നിയമവിരുദ്ധ വ്യാപാരത്തിലൂടെ ലാഭം നേടുന്നതിൽ നിന്ന് ഇറാനിലെയും സിറിയയിലെയും ഭരണകൂടങ്ങളെ പ്രതിരോധിക്കുന്നത് യു‌എസും സഖ്യകക്ഷികളും തുടരുമെന്നും യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജോൺ ബോൾട്ടൻ പറഞ്ഞു.
Comments

COMMENTS

error: Content is protected !!