കേരളത്തില്‍ ദുരന്തനിവാരണ സാക്ഷരതാ യജ്ഞം ആരംഭിക്കും- മന്ത്രി കെ രാജന്‍
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലെ മുഴുവന്‍ മനുഷ്യരേയും സാക്ഷരരാക്കാന്‍ കഴിയണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മുന്‍നിര്‍ത്തി റവന്യു, ദുരന്തനിവാരണ വകുപ്പുകള്‍ ഏകോപിപ്പിച്ചുകൊണ്ട് അനിവാര്യമായ ദുരന്തനിവാരണ സാക്ഷരതാ യജ്ഞത്തിന് നേതൃത്വം നല്‍കും. അതിലൂടെ കേരളത്തിലെ ഇത്തരം ദുരന്തങ്ങളെ ലഘൂകരിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഹാളില്‍ ദുരന്തനിവാരണവും പ്രാദേശിക സര്‍ക്കാരുകളും എന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ദുരന്തങ്ങളെ നേരിടുന്നതിലും ലഘൂകരിക്കുന്നതിലും പ്രാദേശിക സര്‍ക്കാരുകളുടെ സഹകരണത്തോടെ ജനങ്ങളെ പങ്കാളികളാക്കുന്ന നിലപാട് സ്വീകരിച്ചതിലൂടെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഇടപടലുകള്‍ നടത്തുന്നതിന് കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. 2018 ലെ അനുഭവങ്ങള്‍ വച്ചു ഓറഞ്ച് ബുക്ക് തയ്യാറാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഓരോ തലങ്ങളേയും എങ്ങനെ നേരിടണമെന്ന് അതിസൂക്ഷ്മതയോടെ നോക്കി മുന്നോട്ടുപോകാനാണ് കേരളം ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഒരു നാട്ടില്‍ ദുരന്തനിവാരണം തീരുമാനിക്കുന്നതിലും ലഘൂകരിക്കുന്നതിലും പ്രാദേശിക പ്രസ്ഥാനങ്ങള്‍ക്ക് വലിയ പങ്കാണ്. മനുഷ്യനും പ്രകൃതിയും ഒരുപോലെ കേന്ദ്രബിന്ദുവാകുന്ന സുസ്ഥിരമായ വികസനത്തെ കുറിച്ചാണ് ചര്‍ച്ച ചേയ്യേണ്ടത്. ആ വികസന പ്രവര്‍ത്തനത്തില്‍ നാടിനെ ചേര്‍ത്തുപിടിച്ച് നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെ കഴിയൂ. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുകൊണ്ട് ചെറുതും വലുതുമായ ദുരന്തങ്ങളെ നേരത്തെ തന്നെ ലഘൂകരിക്കാന്‍ കഴിയും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി നേതൃത്വപരമായ പങ്കുവഹിക്കണമെന്ന് മന്ത്രി പറഞ്ഞു
ജില്ലാ പഞ്ചായത്തും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായാണ് ശില്‍പശാല സംഘടിപ്പിച്ചത്. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ഡോ.എന്‍ തേജ് ലോഹിത് റെഡ്ഡി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ വി.പി ജമീല, കെ.വി റീന, എന്‍.എം വിമല, ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ. എ ശ്രീനിവാസ്, ജില്ലാ ഫയര്‍ ഓഫീസര്‍ കെ.എം അഷ്റഫ് അലി തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ കില ലക്ചറര്‍ വിനോദ് കുമാര്‍ സി, സയന്റിസ്റ്റ് ഡോ. അരുണ്‍ പി.ആര്‍, ഡി.എം ഡെപ്യൂട്ടി കലക്ടര്‍ ഇ അനിത കുമാരി, ഹസാര്‍ഡ് അനലിസ്റ്റ് അശ്വതി പി, എന്‍.സി.ആര്‍.എം.ജി ജില്ലാ കോഡിനേറ്റര്‍ റംഷീന കെ.വി എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ സാമൂഹ്യബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി അഹമ്മദ് കബീര്‍ നന്ദിയും പറഞ്ഞു.