പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ 

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം 01.01.2020 യോഗ്യതാ തീയതിയായി നിശ്ചയിച്ചുകൊണ്ട് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തെറ്റുകള്‍ തിരുത്തി വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനും പ്രത്യേക വോട്ടര്‍പട്ടിക പുതുക്കല്‍ 2020 (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ 2020) ന്റെ പ്രവര്‍ത്തനങ്ങള്‍ കോഴിക്കോട് ജില്ലയില്‍ ആരംഭിച്ചു. ഇതിനായി ജില്ലയിലെ അംഗീകൃത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗം ആഗസ്റ്റ് 17 ന് കലക്ടറേറ്റില്‍ ചേര്‍ന്ന് റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദീകരിച്ചിരുന്നു. റിവിഷന്‍ പ്രവര്‍ത്തനങ്ങള്‍ സുഗമവും കാര്യക്ഷമവുമായി നടപ്പിലാക്കുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും എല്ലാ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
സ്‌പെഷ്യല്‍ സമ്മറി റിവിഷന്റെ മുന്നോടിയായി നടത്തുന്ന ഇലക്ടറല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ആഗസ്റ്റ് 24 ന് മുമ്പായി ബി.എല്‍.ഒ മാര്‍, താലൂക്ക് ലെവല്‍ ഓപ്പറേറ്റര്‍മാര്‍, ഇ.ആര്‍.ഒ/ഐ.ഇ.ആര്‍.ഒ മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുളള ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും. നിലവിലുളള വോട്ടര്‍പട്ടിക കുറ്റമറ്റതാക്കുന്നതിന് വേണ്ടി പ്രസ്തുത പ്രോഗ്രാമിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരുള്‍പ്പെട്ടവര്‍ക്ക് വോട്ടര്‍പട്ടികയിലെ മേല്‍വിലാസം അവര്‍ക്ക് ലഭിച്ച ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, കമ്മീഷന്‍ അംഗീകരിച്ച മറ്റുരേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തിരുത്താം. ഇതിന് വേണ്ടി വോട്ടര്‍മാര്‍ക്ക് nvsp.inപോര്‍ട്ടല്‍ വഴിയും കോമണ്‍ സര്‍വ്വീസ് സെന്റര്‍ (അക്ഷയ കേന്ദ്രം, താലൂക്ക് ഓഫീസ്, കലക്ടറേറ്റ്) വഴിയും വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാം. കരട് വോട്ടര്‍പട്ടിക ഒക്‌ടോബര്‍ 15 ന് പ്രസിദ്ധീകരിക്കും.
  ഒക്‌ടോബര്‍ 15 മുതല്‍ നവംബര്‍ 30 വരെയുളള കാലയളവില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും, ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതിനും അവസരം ലഭിക്കും. പൊതു ജനങ്ങളുടെ സൗകര്യാര്‍ത്ഥം നവംബര്‍ രണ്ട്, മൂന്ന്, ഒന്‍പത്, 10 എന്നീ തീയതികളില്‍ അതത് ബൂത്തുകളില്‍ അപേക്ഷ സ്വീകരിക്കും. ലഭിച്ച അപേക്ഷകളില്‍ ആവശ്യമായ നടപടി സ്വീകരിച്ചു കരട് വോട്ടര്‍പട്ടികയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയ  ശേഷം 2020 ജനുവരി 15 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും
Comments

COMMENTS

error: Content is protected !!