SPECIAL
അടുക്കളയ്ക്കുളളില്‍ എൽജിയുടെ പച്ചക്കറിത്തോട്ടം, ഇതാണ് ടെക് ഫാം
![](https://calicutpost.com/wp-content/uploads/2020/01/lg-farm-300x156.jpg)
ഭക്ഷണ സാധനങ്ങളും മറ്റും സൂക്ഷിച്ചുവയ്ക്കുന്ന ഫ്രിജുകളാണ് ഇതുവരെ ആളുകള്‍ക്ക് പരിചയമുള്ളത്. എന്നാല്‍, പ്രമുഖ ടെക്‌നോളജി കമ്പനിയായ എല്‍ജി നിര്‍മിക്കുന്ന ഫ്രിജില്‍ ഇനി പച്ചക്കറി വളർത്തുകയും ചെയ്യാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാലാവസ്ഥയടക്കം ക്രമീകരിക്കാവുന്ന രീതിയിലുള്ള കൃഷിയിടം എന്ന സങ്കല്‍പ്പമാണ് എല്‍ജി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. നാളെയുടെ കൃഷിരീതി എന്ന നിലയില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ കൗതുകകരമാണ്.
അടുക്കളത്തോട്ടം അല്ലെങ്കില്‍ സസ്യങ്ങളെ വീട്ടിനുള്ളില്‍ വളര്‍ത്തുക എന്നു പറഞ്ഞാല്‍ ടെറസിലും മറ്റും നടത്തുന്ന കൃഷിയാണ് പൊതുവേ മനസ്സില്‍ ഓടിയെത്തുക. എന്നാല്‍, എല്‍ജി 2020ല്‍ തന്നെ വീട്ടിനുള്ളില്‍ ചെടികളെ വളര്‍ത്താനുള്ള ഉപകരണം പുറത്തിറക്കുമെന്നാണ് വാര്‍ത്തകള്‍. ‘വീട്ടിനുള്ളില്‍ പച്ചക്കറി കൃഷിചെയ്യാന്‍’ ഉതകുന്നതായിരിക്കും തങ്ങളുടെ ഉപകരണമായ എല്‍ജി ഹാര്‍വെസ്റ്റര്‍ (LG Harvester) എന്നാണ് കമ്പനി പറയുന്നത്. ഇതിന്റെ പ്രദര്‍ശനം 2020 ജനുവരിയില്‍ തന്നെ നടത്താനാണ് കമ്പനിയുടെ തീരുമാനം.
എല്‍ജി ഹാര്‍വസ്റ്ററില്‍ പല നിരകളായും തട്ടുകളായും അടുക്കിയായിരിക്കും പച്ചക്കറി കൃഷി ചെയ്യുക. ഇിതനായി പ്രകാശം, ഉഷ്മാവ്, ജല വിതരണം തുടങ്ങിയവ ക്രമീകരിക്കും. ഓരോ ചെടിക്കും വേണ്ടത്ര വെള്ളം മാത്രം നല്‍കുക വഴി പൂപ്പല്‍ പിടിക്കുന്നത് ഒഴിവാക്കാനാകുമെന്നും പറയുന്നു. ഫ്രിജില്‍ പിടിപ്പിച്ചിരിക്കുന്ന വിവിധ തരം മൊഡ്യൂളുകള്‍ അനുയോജ്യമായ കാലാവസ്ഥ കൃത്രിമമായി സൃഷ്ടിക്കും. ക്ലോക്കിലെ സമയക്രമം അനുസരിച്ചായിരിക്കും സൂര്യപ്രകാശവും മറ്റും ലഭ്യമാക്കുക. എല്‍ഇഡി ലൈറ്റുകള്‍, കൃത്രിമമായ വായു സഞ്ചാരം, വെള്ള വിതരണ സിസ്റ്റം തുടങ്ങയവയാണ് ഫ്രിജിനുള്ളില്‍ കാണാവുന്നത്. ഓരോ ചെടിക്കും അനുയോജ്യമായ വാസവ്യവസ്ഥ സൃഷ്ടിക്കുകയാണ് ഫ്രിജ് ചെയ്യുന്നത്.
ഫ്രിജില്‍ വളര്‍ത്താവുന്ന സസ്യങ്ങളുടെ വിത്തുകള്‍ ലഭ്യമാക്കും. ഇത് നിയന്ത്രിക്കാനുള്ള ആപ് നിങ്ങളുടെ ഫോണില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാം. വിവിധ സെറ്റിങ്‌സ് ഉപയോഗിച്ച് ഫ്രിജില്‍ വേണ്ട ക്രമീകരണങ്ങള്‍ യഥാസമയം വരുത്താം. എന്തു ചെയ്യണം അല്ലെങ്കില്‍ ചെയ്യണ്ട എന്നതിനെക്കുറിച്ചുള്ള വിവരണവും സമയാസമയങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കും. ഒരു ഫ്രിജില്‍ ഒരു സമയത്ത് 24 പച്ചക്കറികളുടെയും ഔഷധച്ചെടികളുടെയും വിത്തുകളായിരിക്കും വളര്‍ത്താനാകുക. വിത്തുകളുടെ പാക്കറ്റില്‍ അവയ്ക്കു നല്‍കേണ്ട കമ്പോസ്റ്റ്, രാസവളം തുടങ്ങിയവയും അടങ്ങിയിരിക്കും. പല തരം ചീരകള്‍, സോയവര്‍ഗത്തില്‍ പെട്ട വിത്തുകള്‍, തുളസി, ചിക്കറി തുടങ്ങിയവ അടങ്ങുന്ന 20 ഇനം ചെടികളുടെ വിത്തുകളാണ് ആദ്യം ലഭ്യമാക്കുക.
വെര്‍ട്ടിക്കല്‍ ഫാമിങ്, സ്മാര്‍ട് ഇന്‍ഡോര്‍ പ്ലാന്റേഴ്‌സ്, മൈക്രോ ഗാര്‍ഡനിങ് തുടങ്ങിയവയൊക്കെ നഗരവാസികള്‍ വിളവെടുപ്പു നടത്തുന്ന രീതികള്‍ പാടേ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. എല്‍ജിയുടേത് കൂടാതെ മറ്റു ഫ്രിജ് മോഡല്‍ കൃഷി ഉപകരണങ്ങളും ഇന്നു ലഭ്യമാണ്. വൈക്കിങ്, അര്‍ബന്‍ കള്‍ള്‍ട്ടിവേറ്റര്‍ തുടങ്ങിയവയാണ് അവ. എല്‍ജിയുടെ മോഡല്‍ ധാരാളം സ്ഥലം അപഹരിക്കുന്നു. എങ്കിലും ഒരു മുഴുവന്‍ തോട്ടം തന്നെ അടുക്കളിയലുണ്ടെന്നത് പലര്‍ക്കും ആത്മവിശ്വാസം പകരുന്നതാണ്. എല്‍ജി ഹാര്‍വെസ്റ്റര്‍ എന്ന അടുക്കളത്തോട്ടത്തിന്റെ വില്‍പ്പന ഈ ആശയത്തോട് എത്ര പേര്‍ താത്പര്യം കാണിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും.
എന്നാല്‍, പുതിയ തരത്തിലുള്ള കൃഷിരീതികള്‍ പരീക്ഷിക്കുക എന്നത് നാളെയുടെ ആവശ്യമാണെന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. എല്‍ജിയുടെ ഹാര്‍വെസ്റ്റര്‍ അടക്കമുള്ള കൃഷി രീതികള്‍ കൂടുതലായി ഉപയോഗിക്കപ്പെടുന്ന കാലമായിരിക്കും വരിക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പരമ്പരാഗതകൃഷി രീതികളേക്കാളേറെ ഇത്തരം കൃഷി രീതികളെ 2050 തോടെ കൂടുതലായി ആശ്രയിക്കേണ്ടിവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
Comments