KERALAUncategorized

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ സര്‍ക്കാര്‍ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങുന്നു

അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ സര്‍ക്കാര്‍ ക്ഷേമനിധികളിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങുന്നു. അത്യാവശ്യ ചെലവുകൾക്ക് 2000 കോടി സമാഹരിക്കാനാണ് തീരുമാനം. ട്രഷറി നിയന്ത്രണത്തിന് ഇളവ് അനുവദിക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് ധനവകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന. 

ഓണത്തിനു വേണ്ടി ഖജനാവിൽ നിന്ന് ചെലവഴിച്ചത് 18000 കോടി രൂപയാണ്. അധിക ചെലവുകൾക്കെല്ലാം മുന്നിൽ പിടിച്ച് നിൽക്കാനായെന്ന് വിശദീകരിക്കുമ്പോഴും ഇനി വരുന്ന മാസങ്ങൾ എങ്ങനെ കഴിഞ്ഞുകൂടുമെന്ന ആശങ്കയാണ് ബാക്കി. വിവിധ ക്ഷേമനിധി ബോര്‍ഡുകളിൽ നിന്നുള്ള ധനസമാഹരണമാണ് പരിഗണനയിൽ. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയിൽ നിന്നും ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിൽ നിന്നും അടിയന്തരമായി 2000 കോടി രൂപയെടുത്ത് ട്രഷറിയിലെത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്. സാങ്കേതിക ത‍ടസങ്ങൾ പരിഹരിച്ച ശേഷം ബവറേജസ് കോര്‍പറേഷനും സര്‍ക്കാരിന് പണം നൽകും.

വായ്പയായി എടുക്കുന്ന ഈ തുക മാർച്ച് 31ന് മുമ്പ് അടച്ചാൽ വായ്പയായി കേന്ദ്രം കണക്കാക്കില്ല.  നികുതി വരുമാനത്തിൽ അടക്കം വരവു ചെലവുകളെല്ലാം വിലയിരുത്തിയായിരിക്കും തുടര്‍ തീരുമാനങ്ങൾ. നിലവിൽ അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ല് മാറാനാണ് ട്രഷറിയിൽ നിയന്ത്രണം. അത് പത്ത് ലക്ഷമെങ്കിലും ആക്കി ഉയര്‍ത്താൻ ഇനിയും കാത്തിരിക്കേണ്ടി വരും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button